'കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലി’; എഎപിക്കെതിരെ പോസ്റ്റുമായി സ്വാതി മാലിവാൾ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എഎപിയുടെ ദയനീയ പരാജയത്തിന് പിന്നാലെ പോസ്റ്റുമായി ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ. കൗരവസഭയിൽ അപമാനിക്കപ്പെട്ട പാഞ്ചാലിയുടെ പോസ്റ്റാണ് സ്വാതി മാലിവാൾ പങ്കുവച്ചിരിക്കുന്നത്. സ്വന്തം പാർട്ടിക്കെതിരെ പരോക്ഷമായ ആക്ഷേപമാണ് സ്വാതി മാലിവാൾ ഉന്നയിച്ചിരിക്കുന്നത്.

സ്വന്തം പാർട്ടിയിൽ നിന്ന് താൻ നേരിട്ട ദുരനുഭവം ഓർമിക്കുന്നതാണ് സ്വാതി മാലിവാളിന്റെ പോസ്റ്റ്. മഹാഭാരതത്തിലെ പാഞ്ചാലി വസ്ത്രാക്ഷേപവും കൗരവസഭയിൽ വച്ച് ദ്രൗപ​ദി അപമാനിതയായപ്പോൾ രക്ഷിക്കാനെത്തുന്ന ശ്രീകൃഷ്ണനുമാണ് ചിത്രത്തില‍ുള്ളത്. അടിക്കുറിപ്പൊന്നും ഇല്ലാതെ എക്സിലാണ് സ്വാതി മാലിവാൾ ചിത്രം പങ്കുവച്ചത്.

മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പി എ ബൈഭവ് കുമാറിന്റെ അതിക്രമവും അത് കണ്ട് നിശ്ചലമായി നിന്ന സുരക്ഷാ ഉദ്യോ​ഗസ്ഥരും കൗരവസഭയ്‌ക്ക് സമാനം. പാർട്ടിക്കെതിരെ ധൈര്യത്തോടെ ശബ്ദമുയർത്തിയ സ്ത്രീ ശക്തിയായിരുന്നു സ്വാതി മാലിവാൾ. ഔദ്യോഗിക വസതിയിൽവച്ച് 2024 മെയ് മാസം കെജ്‌രിവാളിന്റെ അടുത്ത സഹായിയായ ബിഭവ് കുമാർ തന്നെ ആക്രമിച്ചതായി മാലിവാൾ ആരോപിച്ചിരുന്നു. അടിയന്തര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നടത്തിയ സന്ദർശനത്തിനിടെ, കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നപ്പോൾ സ്വീകരണമുറിയിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നനായിരുന്നു ആരോപണം.

പിന്നീട് 2024 ഒക്ടോബറിൽ നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പോടെ ഈ ഭിന്നത കൂടുതൽ വർദ്ധിച്ചു. കോൺഗ്രസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഹരിയാനയിൽ പ്രചാരണം നടത്തി പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിനെ കെജ്‌രിവാൾ വഞ്ചിച്ചുവെന്നും അതുവഴി സഖ്യത്തിൽ നിന്ന് വോട്ടുകൾ വഴിതിരിച്ചുവിട്ടെന്നും മാലിവാൾ ആരോപിച്ചു. ഈ അടുത്തിടെ ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി, യമുന നദി വൃത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്തിയതിന് ശേഷം ഡൽഹിപൊലീസ് മാലിവാളിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.