കളിത്തോക്കുമായി ട്രെയിനില്‍ കയറി പരിഭ്രാന്തി പടര്‍ത്തി; തമിഴ്‌നാട്ടില്‍ നാല് മലയാളി യുവാക്കള്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ കളിത്തോക്കുമായി ട്രെയിനില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ച നാല് മലയാളി യുവാക്കള്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റസീക്, പാലക്കാട് സ്വദേശി ജപല്‍ ഷാ, മലപ്പുറം സ്വദേശി അമീന്‍ ഷരീഫ്, കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. പാലക്കാട്- തിരുച്ചന്തൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം നടന്നത്.

ഇന്ന് ഉച്ചയ്ക്കാണ് കൊടൈക്കനല്‍ റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് യുവാക്കളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ട്രെയിനില്‍ വച്ച് കൈയിലുണ്ടായിരുന്ന കളിത്തോക്കെടുത്ത് ബുള്ളറ്റ് നിറയ്ക്കുന്നതായി കാണിച്ചു. ഇതോടെ ട്രെയിനിലെ യാത്രക്കാര്‍ പരിഭ്രാന്തരായി. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.

Read more

ട്രെയിന്‍ കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇരുപതോളം വരുന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ വളഞ്ഞു. പൊലീസിനെ കണ്ടതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് പൊലീസിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. യുവാക്കള്‍ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.