മഹാരാഷ്ട്രയില്‍ പാര്‍ട്ടി മേഖല യോഗത്തില്‍ പങ്കെടുക്കാതെ ബി.ജെ.പി നേതാവ് പങ്കജ മുണ്ടെ. ശിവസേനയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടി യോഗത്തില്‍ നിന്നുമുള്ള പങ്കജ മുണ്ടെയുടെ വിട്ടുനില്‍ക്കല്‍ ചര്‍ച്ചയായിരിക്കുകയാണ്.
എന്നാല്‍ പങ്കജ മുണ്ടെ യോഗത്തില്‍ പങ്കെടുക്കാത്തത് സുഖമില്ലാത്തതിനാലാണെന്നും അത് സൂചിപ്പിച്ച് അനുവാദം വാങ്ങിയിരുന്നുവെന്നുമാണ് ബി.ജെ.പിയുടെ പ്രതികരണം. അതേസമയം പങ്കജ മുണ്ടെ വിട്ടുനിന്നത് പാര്‍ട്ടി നേതൃത്വത്തോടുള്ള തന്റെ പ്രതിഷേധം അറിയിക്കാന്‍ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പങ്കജ മുണ്ടെ പരാജയപ്പെട്ടിരുന്നു. പരാജയത്തിന് ശേഷം പങ്കജ മുണ്ടെ ബിജെ.പി നേതൃത്വത്തോട് വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 12 എം.എല്‍.എമാരോടൊപ്പം ബി.ജെ.പി വിട്ട് ശിവസേനയില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പങ്കജ മുണ്ടെ പാര്‍ട്ടി വിടില്ലെന്നാണ് ബി.ജെ.പി അന്ന് പ്രതികരിച്ചത്.
ട്വിറ്റര്‍ ബയോയിലും പങ്കജ് മുണ്ടെ മാറ്റം വരുത്തിയിരുന്നു.ബി.ജെ.പി നേതാവ്, മുന്‍ മന്ത്രി എന്നെഴുതിയ ബയോ മാറ്റി RT’s r not endorsements (എന്റെ റീട്വീറ്റുകള്‍ എന്റെ അഭിപ്രായമാകണമെന്നില്ല ) എന്നാണ് ബയോയുടെ സ്ഥാനത്ത് രേഖപ്പെടുത്തിയത്.