ദളിതരെ തെരുവ്‌നായ്ക്കളെന്ന് വിളിച്ച് കേന്ദ്രമന്ത്രി; ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് പ്രകാശ് രാജ്

ദളിതരെ തെരുവു നായ്ക്കളോടുപമിച്ച കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം വിവാദത്തില്‍. ശനിയാഴ്ച കര്‍ണാടകയിലെ ബെല്ലാരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് മന്ത്രി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. വിവാദപരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിക്കെതിരെ നടന്‍ പ്രകാശ് രാജ് രംഗത്തെത്തി.

ദളിതരെ തെരുവുനായ്ക്കളോട് ഉപമിച്ച മന്ത്രിയെ ബിജെപി പുറത്താക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. ഇത് സഹിക്കാനാവുന്നതിലും അപ്പുറമാണ്. മന്ത്രി ഇത്തരം വിവാദത്തില്‍ പെടുന്നത് ഇതാദ്യമല്ല.  ഇപ്പോള്‍ തനിക്കെതിരെ പ്രതിഷേധിച്ച ദളിതരെ ഈ മന്ത്രി തെരുവുനായ്ക്കളെന്ന് വിളിച്ചിരിക്കുന്നു. ഈ പരാമര്‍ശത്തില്‍ ബിജെപിക്ക് എന്താണ് ചെയ്യാന്‍ കഴിയുക? അല്ലെങ്കില്‍ നിങ്ങളും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണോ – പ്രകാശ് രാജ് ട്വീറ്ററില്‍ കുറിച്ചു.

ദളിത് വിഭാഗത്തില്‍പെട്ടവര്‍ തടഞ്ഞെങ്കിലും മന്ത്രി പരിപാടിയില്‍ പങ്കെടുത്തിരുന്നു.പ്രസംഗത്തിനിടെയാണ് ഹെഗ്‌ഡെ വിവാദമായ പരാമര്‍ശം നടത്തിയത്.തെരുവ് നായ്ക്കളുടെ കുരയെ ഭയക്കേണ്ടതില്ലെന്നാണ് മന്ത്രി പറഞ്ഞത്.

Read more

പ്രകാശ് രാജിന് പിന്നാലെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വവും മന്ത്രിക്കെതിരെ വിമര്‍ശനവുമായെത്തി. മുമ്പ്, മതനിരപേക്ഷത എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹെഗ്‌ഡെ ആവശ്യപ്പെട്ടതും വന്‍വിവാദമായിരുന്നു. അന്ന് മാപ്പ് പറഞ്ഞാണ് പ്രശ്‌നത്തില്‍ നിന്ന് മന്ത്രി തടിതപ്പിയത്. ഉത്തര കന്നഡയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് അനന്ത്കുമാര്‍ ഹെഗ്‌ഡെ.