വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ആന്ധപ്രദേശില്‍ വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സലായെത്തിയ പെട്ടിയില്‍ പുരുഷന്റെ മൃതദേഹം. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം നടന്നത്. നാഗതുളസി എന്ന സ്ത്രീയ്ക്ക് എത്തിയ പാഴ്‌സല്‍ തുറന്നപ്പോഴാണ് പുരുഷന്റെ മൃതദേഹം കണ്ടത്. ഇതോടെ നാഗതുളസിയും കുടുംബവും ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിനൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുമുണ്ടായിരുന്നു. നാഗതുളസി വീട് നിര്‍മ്മിക്കാനായി ക്ഷത്രിയ സേവ സമിതിയോട് സഹായം തേടിയിരുന്നു. സഹായം നല്‍കുന്നതിന്റെ ഭാഗമായി ക്ഷത്രിയ സേവ സമിതി ആദ്യഘട്ടത്തില്‍ തറയില്‍ പാകാനുള്ള ടൈല്‍ എത്തിച്ചിരുന്നു.

തുടര്‍ന്ന് വീണ്ടും നാഗതുളസി ക്ഷത്രിയ സേവ സമിതിയോട് സഹായം തേടിയിരുന്നു. ഇതേ തുടര്‍ന്ന് വീട് നിര്‍മ്മാണത്തിനാവശ്യമായ വൈദ്യുതോപകരണങ്ങള്‍ എത്തിച്ചുനല്‍കാമെന്ന് ക്ഷത്രിയ സേവ സമിതി ഉറപ്പ് നല്‍കി. ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ തുടങ്ങിയവ ഉടന്‍ എത്തിച്ചുനല്‍കുമെന്ന് വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വൈദ്യുതോപകരണങ്ങള്‍ എന്ന പേരില്‍ പാഴ്‌സല്‍ എത്തിയത്. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന കത്തില്‍ ഒരു കോടി മുപ്പത് ലക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പണം നല്‍കാത്തപക്ഷം ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.