പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ നാല് പ്രതികളെയും ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ഫണ്ടിംഗിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അറിയിച്ച പൊലീസ് പ്രതികള 15 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
പ്രതികള്‍ പ്രധാനമന്ത്രിയെ കുറ്റവാളിയെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായും അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു. പ്രതികള്‍ ഷൂ വാങ്ങിയത് ലഖ്‌നൗവില്‍ നിന്നും കളര്‍ പടക്കം വാങ്ങിയത് മുംബൈയില്‍ നിന്ന് ആണെന്നും അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ വന്‍ സുരക്ഷാ വിഴ്ചയുണ്ടായിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലയിലാണ് യുവാക്കള്‍ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി. പുലര്‍ച്ചെ 3 വരെ നീണ്ട ചോദ്യം ചെയ്യലില്‍ ഭഗത് സിംഗിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചതെന്നായിരുന്നു പ്രതികളുടെ മറുപടി. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
ജനുവരി മുതല്‍ ആരംഭിച്ച പദ്ധതിയാണ് കഴിഞ്ഞ ദിവസം പ്രതികള്‍ നടപ്പാക്കിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അക്രമ സംഭവങ്ങള്‍.
അതേ സമയം പാര്‍ലമെന്റില്‍ നടന്ന അക്രമ സംഭവങ്ങളുടെ മുഖ്യസൂത്രധാരന്‍ മറ്റൊരാള്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭഗത് സിംഗ് എന്ന ഗ്രൂപ്പിന്റെ അംഗങ്ങളാണ് പിടിയിലായ പ്രതികളെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇവര്‍ പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പ് ഇന്ത്യാ ഗേറ്റില്‍ ഒത്തുകൂടിയെന്നും കളര്‍ പടക്കം കൈമാറിയെന്നുമാണ് പൊലീസ് പറയുന്നത്. ചണ്ഡീഗഢിലെ പ്രതിഷേധത്തിനിടെ കണ്ടുമുട്ടിയ പ്രതികള്‍ പിന്നീട് പല തവണ ഗുരുഗ്രാമിലെ വീട്ടില്‍ ഒത്തുചേര്‍ന്നതായും അന്വേഷണ സംഘം അറിയിച്ചു.