ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് നിയമ ഭേദഗതി ബില്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. അതേസമയം അദാനി വിവാദം പാര്ലമെന്റില് ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
വഖഫില്‍ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു.
വയനാട് എംപിയായി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിഞ്ജയും ഇന്ന് നടക്കും. നവംബർ 26ന് ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷിക ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനവും ചേരും. ഡിസംബര്‍ ഇരുപത് വരെയാണ് സമ്മേളന കാലയളവ്.