പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ഓഖി ദുരന്തം, മുത്തലാഖ് എന്നിവ ചർച്ചയാകും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം കുറിക്കും. പാക്കിസ്ഥാൻ ബന്ധം തുടങ്ങി ഒട്ടേറെ ബില്ലുകളും സമ്മേളനത്തിന്റെ പരിഗണനയ്ക്കെത്തും. ഓഖി ദുരന്തവും ദു‌രിതാശ്വാസവും കേരളത്തിന്റെ മുഖ്യവിഷയമാണ്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വിവാദ എഫ്ഡിആർഐ ബില്ല് സമ്മേളനത്തിൽ പാർലമെന്റിന്റെ പരിഗണനയ്ക്കെത്തും.

സാധാരണക്കാരുടെ നിക്ഷേപങ്ങൾ സർക്കാർ ഏറ്റെടുക്കും എന്നതടക്കമുള്ള പ്ര‌ചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപിക്കുന്നത് ആശങ്ക പടർത്തിയിട്ടുണ്ട്. പ്രവാസി വോട്ടവകാശ, മുത്തലാഖ് നിരോധന ബില്ലുകൾ ‌സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പരിഗണനയ്ക്ക് എത്തിയേക്കും. സാമൂ‌ഹിക– രാഷ്ട്രീയ ‌പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതാണ് ഇരു ബി‌ല്ലുകളും. ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം നിർണയിക്കുക തിങ്കളാഴ്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പു ഫലമായിരിക്കും.

ഭരണ, പ്രതിപക്ഷങ്ങൾക്കു ഗുജറാത്ത് ഫലം ഒരുപോലെ നിർണായകം. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഐക്യനിരയ്ക്കു രൂപംനൽകാനിരിക്കുന്ന പ്രതിപക്ഷത്തിനാകെയും ഫലം നിർണായകം. വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രകൃതിദുരന്തങ്ങൾ, സ്വകാര്യവൽക്കരണം, ഓഖി ദുരന്ത പശ്ചാത്തലത്തിൽ ലോക്സഭ ഇന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു പിരിയും.