'കത്രിക' തുടരുന്നു; പത്മാവതിയുടെ പേര് വെട്ടി പത്മാവത് ആക്കണമെന്ന് വിദഗ്ധ സമിതി; ഉപാധികളോടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി

ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായ സസഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്ക് പ്രദര്‍ശനാനുമതി. 26 മാറ്റങ്ങളോടെയാണ് ചിത്രത്തിന് പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. പത്മാവതി എന്ന പേര് മാറ്റി പത്മാവത് എന്നാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, നിര്‍ദേശങ്ങളെല്ലാം പാലിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി വ്യക്തമാക്കി. ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതിക്കാണിക്കണം. സതി ആചാരം ഉള്‍പ്പടെയുള്ള വിവാദ രംഗങ്ങള്‍ക്ക് കുറയ്ക്കണം. ഉപാധികള്‍ അംഗീകരിച്ചാല്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കും.

ചരിത്രത്തെ തെറ്റായി ചിത്രീകരിച്ചുവെന്നാരോപിച്ച് രജപുത്ര കര്‍ണി സേനയാണ് പത്മാവതിക്കെതിരേ ശക്തമായി രംഗത്തു വന്നിരുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടായിരുന്നത്. ചിത്രത്തില്‍ പത്മാവതിയുടെ വേഷം ചെയ്യുന്ന ദീപികയുടെ തലവെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തി ചിത്രത്തെ തകര്‍ക്കാനും ശ്രമമുണ്ടായിരുന്നു.

“പത്മാവതി”ക്കെതിരെ രാജ്യത്തെ യുവാക്കള്‍ മുന്നോട്ടിറങ്ങണമെന്നും പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കണമെന്നും ബിജെപി നേതാവ് സൂരജ് പാല്‍ അമു പറഞ്ഞിരുന്നു. പത്മാവതി ചിത്രത്തില്‍ ബന്‍സാലി അവതരിപ്പിക്കുന്നത് രജപുത്ര ചരിത്രത്തിലെ “പത്മിനി” അല്ലെന്നും സൂരജ് പാല്‍ അമു ആരോപിച്ചു. ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ നിരന്തര ആക്രമണങ്ങളെ തുടര്‍ന്ന് റിലീസിങ്ങ് നിര്‍മാതാക്കള്‍ മാറ്റിവെക്കുകയായിരുന്നു.