ഓഫ് സീസണ്‍ കാലത്ത് രാജധാനിയെയും, ശതാബ്ദിയെയും , തുരന്തോയെയും ഇനി കൈപൊള്ളാതെ ആശ്രയിക്കാം. ഓഫ് സീസണിലും, റിസര്‍വേഷന്‍ കുറവുള്ള സമയത്തും ശതാബ്ദി, രാജധാനി, തുരന്തോ എക്‌സ്പ്രസ്സുകളില്‍ പകുതി നിരക്കില്‍ യാത്ര ചെയ്യാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.
2016 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ഈ ട്രെയിനുകളുടെ നിരക്ക് ക്രമാതീതമായി ഉയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫ്‌ളെക്‌സി- ഫെയര്‍ സംവിധാനം നടപ്പാക്കിയതോടെ റിസര്‍വേഷന്‍ കഴിഞ്ഞ് ബാക്കിയുള്ള സീറ്റുകളില്‍ 10 ശതമാനം വരെ തുക അധികമായി ഈടാക്കുകയും ചെയ്തു. 2016-2017 വര്‍ഷത്തില്‍ റെയില്‍വേക്ക് അധികവരുമാനം ലഭിച്ചെങ്കിലും ഇതുവഴി യാത്രാക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് മനംമാറ്റം ഉണ്ടായിരിക്കുന്നത്.
പുതിയ സംവിധാനത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ നടന്ന അഭിമുഖത്തിലാണ് ഇന്ത്യന്‍ റെയില്‍വേ ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്തിയത്.
ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിരക്ക് കൂടുക മാത്രം ചെയ്യുന്ന ഈ സംവിധാനത്തിനു പകരം പരിവര്‍ത്തനാത്മകമായ നിരക്കുകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഓഫ് സീസണ്‍ കാലത്ത് ട്രെയിനുകളില്‍ തിരക്ക് കുറവായുന്ന മുറയ്ക്ക് നിരക്കിലും മാറ്റം വരുത്തേണ്ടതാണെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്.