മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്ത രണ്ടു ബി.ജെ.പി, എം.എല്‍.എമാര്‍ക്കെതിരെ നടപടിയില്ലെന്ന് ബി.ജെ.പി. സമാന രീതിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു മറുപടി നല്‍കുമെന്ന് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.
മധ്യപ്രദേശ് നിയമസഭയില്‍ ക്രിമിനല്‍ നിയമഭേദഗതി ബില്‍ പാസ്സാക്കുന്നതിനായി കഴിഞ്ഞ ദിവസം ബി.ജെ.പി. എം.എല്‍.എ.മാരായ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ തിടുക്കപ്പെട്ട് നടപടി എടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ഇരു എം.എല്‍.എമാരും ബിജെപിയിലേക്ക് മടങ്ങി പോകില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല.
എന്നാല്‍ മധ്യപ്രദേശിലെ സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാകേഷ് സിംഗ് പറഞ്ഞു. തങ്ങളുടെ എം.എല്‍.എമാര്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടില്ല. സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മറിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഒരു നാടകം മാത്രമാണിതെന്നും രാകേഷ് സിംഗ് പറഞ്ഞു.
കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കില്ല. അതേ സമയം അവരുടെ ആഭ്യന്തര തര്‍ക്കങ്ങളും പടലപിണക്കവും മൂലം സ്വയം പരാജയപ്പെടുമെന്നും മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കി.