ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ മാറുമെന്ന് സൂചന. മുതിര്‍ന്ന നേതാവ് താരിഖ് അന്‍വറെ പകരം നിയമിക്കും. ഡല്‍ഹിയുടെ ചുമതലയില്‍ നിന്നും മാറ്റണമെന്ന് കാണിച്ച് ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചതായും മീഡിയ വൺ റിപ്പോർട്ട് ചെയ്തു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് കുറച്ച് മാസം മുമ്പ് മുതിര്‍ന്ന നേതാവ് ഷീല ദീക്ഷിത് പി.സി.സി അധ്യക്ഷയായി വന്നതോടെയാണ് ഡല്‍ഹിയില്‍ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുന്നത്. നേതാക്കള്‍ രണ്ട് വിഭാഗമായി തിരിഞ്ഞു. എ.എ.പിയുമായുള്ള സഖ്യ ചര്‍ച്ച നടന്നതോടെ തര്‍ക്കം മറനീക്കി പുറത്ത് വന്നു. ഷീല ദീക്ഷിതും ചാക്കോയും രണ്ട് തട്ടില്‍ നിന്നു. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റ് വാങ്ങേണ്ടി വന്നതോടെ വലിയ വിഭാഗം നേതാക്കള്‍ ചാക്കോക്ക് എതിരായി. നാല് വര്‍ഷത്തെ ചാക്കോയുടെ നേതൃത്വം ഗുണംചെയ്തില്ലെന്നും വിലരുത്തലുണ്ടായി.