പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണം രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പിഡിപി നേതാവ് ഇല്‍ത്തിജ മുഫ്തി. ഇത്തരം ആക്രമണങ്ങള്‍ കാശ്മീരിനെ കൂടുതല്‍ ഒറ്റപ്പെടുത്തുകയേയുള്ളൂ. ടൂറിസം അടക്കമുള്ള വരുമാനത്തിലൂടെയാണ് കാശ്മീരികള്‍ ജീവിക്കുന്നത്. ഇതു തകര്‍ക്കാനാണ് തീവ്രവാദികള്‍ ശ്രമിച്ചത്. ഇതു മനസിലാക്കി തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കഴിയും. ഇരുവരിലും കാശ്മീരിലുള്ള ജനതയ്ക്ക് വിശ്വാസമുണ്ട്.
തീവ്രവാദി ആക്രമണത്തില്‍ എന്തു ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായി അറിയാം. കാശ്മീരി ജനതയ്ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസമുണ്ട്. രാജ്യത്തിനൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നത്.
ആക്രമണം കാശ്മീരിലെ വിദ്യാര്‍ത്ഥികളുടെയും കച്ചവടക്കാരുടെയും ഡ്രൈവര്‍മാരുടെയും ഹോം സ്‌റ്റേ നടത്തിപ്പുകാരുടെയും ജീവിതവും സ്വതന്ത്രരുമാണ് തകര്‍ത്തതെന്ന് അവര്‍ ആരോപിച്ചു. ഇത്തരം തീവ്രവാദികളെ കാശ്മീര്‍ ജനത ഒരിക്കലും പിന്തുണക്കില്ലെന്നും ഇല്‍ത്തിജ മുഫ്തി വ്യക്തമാക്കി.
പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകളാണ് ഇല്‍ത്തിജ മുഫ്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം മത്സരരംഗത്തേക്കില്ലെന്ന മെഹ്ബൂബയുടെ തീരുമാനമാണ് ഇല്‍ത്തിജയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിച്ചത്.
Read more
99 മുതല്‍ പിഡിപി വിജയിച്ചുവരുന്ന ബിജ്‌ബെഹ്‌റയില്‍ നിന്നുതന്നെ മെഹ്ബൂബയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഇല്‍ത്തിജ ജനവിധി തേടുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും ഇല്‍ത്തിജയായിരുന്നു. പാരമ്പര്യ വോട്ടുകള്‍ നേടുന്നതിനായി ശീലമില്ലെങ്കിലും പാരമ്പര്യ വസ്ത്രങ്ങള്‍ ധരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇല്‍ത്തിജ ഇറങ്ങി. പക്ഷെ ജനവികാരം പിഡിപിക്ക് എതിരായിരുന്നു.