പെഗാസസ് ചാരവൃത്തി കേസില്‍ അന്വേഷണ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. മൊബൈല്‍ഫോണ്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കുന്നതിന് വേണ്ടി സാങ്കേതിക സമിതിക്ക് നാലാഴ്ച്ചയാണ് നീട്ടി നല്‍കിയിരിക്കുന്നത്. 2022 ജൂണ്‍ 20നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടി കോടതി നിയോഗിച്ച റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ സമിതി, മുദ്രവച്ച കവറിലാണ് ഇടക്കാല റിപ്പോര്‍ട്ട് കൈമാറിയിരുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
പെഗാസസ് ചാര സോഫ്റ്റ്‌വെയറിനായി 29 മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു. ചില ഹര്‍ജിക്കാര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും സാങ്കേതിക സമിതി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജി ജൂലായില്‍ വീണ്ടും പരിഗണിക്കും.