പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതി കൂടുതല്‍ സമയം തേടി. അന്വേഷണം പുരോഗമിക്കുന്നതായി റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ അറിയിച്ചു. കേസ് സൂപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും.
രാഷ്ട്രീയക്കാര്‍, ജഡ്ജിമാര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍ ഇസ്രായേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അന്വേഷണത്തിനായി ജസ്റ്റിസ് രവീന്ദ്രന്‍ കമ്മിറ്റി രൂപീകരിച്ചത്. പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എട്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കുമ്പോള്‍ പരിശോധിക്കും.
പെഗാസസ് ഫോണ്‍ ചേര്‍ത്തലിന് വിധേയരായവരില്‍ പലരുടേയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി സമിതിക്ക് ലഭിച്ചിരുന്നു. ഇന്ത്യയില്‍, 142-ലധികം ആളുകളെയാണ് ലക്ഷ്യമിട്ടിരുന്നത് എന്നാണ് ന്യൂസ് പോര്‍ട്ടല്‍ ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തത്.
രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, നിലവിലുള്ള രണ്ട് കേന്ദ്ര മന്ത്രിമാര്‍, ഒരു മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സുപ്രീം കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാര്‍, ഒരു മുന്‍ ജഡ്ജിയുടെ പഴയ നമ്പര്‍, ഒരു മുന്‍ അറ്റോര്‍ണി ജനറലിന്റെ അടുത്ത സഹായി, 40 മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ എല്ലാം ഇതില്‍ പെടുന്നുണ്ട്.
പെഗാസസ് സര്‍ക്കാരുകള്‍ക്കും അവരുടെ ഏജന്‍സികള്‍ക്കും മാത്രമാണ് വിതരണം ചെയ്യാറുള്ളൂ എന്ന് സ്‌പൈവെയര്‍ നിര്‍മ്മാതാക്കളായ എന്‍.എസ്.ഒ ഗ്രൂപ്പ് വെളിപ്പെടുത്തിയതോടെ പ്രതിപക്ഷം ഉള്‍പ്പടെ കടുത്ത പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.