ഇസ്രായേലി ചാരസോഫ്റ്റ് വെയറിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വിരമിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറിയത്. ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെ റിപ്പോര്‍ട്ടിന് ഒപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ഈ മാസം 12ന് കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് കോടതി വിലയിരുത്തും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അനേവഷണത്തിനായി സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്.
മുന്‍ ജഡ്ജിമാര്‍, മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകളില്‍ ഗവണ്‍മെന്റ് ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ നേരത്തെ ഉത്തരവുണ്ടായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശി കുമാര്‍, എഡിറ്റേഴ്സ് ഗില്‍ഡ്, രഹസ്യവിവേചനത്തിന് ഇരയായ വ്യക്തികള്‍ എന്നിവരുള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഉത്തരവ്.
ഇസ്രായേലുമായുള്ള 2017ലെ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യ പെഗാസസ് വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ തീരുമാനം ആയതെന്നും ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു.