ആള്‍ക്കൂട്ടം തന്റെ പിതാവിനെ മര്‍ദ്ദിച്ചു കൊന്നുവെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടും നീതി ലഭിച്ചില്ലെന്ന് പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ് ഖാന്‍. പെഹ്‌ലു ഖാന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടതില്‍ നിരാശയും ഞെട്ടലുമുണ്ടെന്ന് കുടുംബം. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയാണിതെന്ന് മകന്‍ ഇര്‍ഷാദ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷമായി നീതിക്കായി കാത്തിരിക്കുകയായിരുന്നു. നീതി ലഭിക്കുമെന്നും അതിലൂടെ പിതാവിന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്നുമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ആ പ്രതീക്ഷ തകര്‍ന്നെന്ന് മകന്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചതാണ്. എന്നാല്‍ വിധി തങ്ങളെ ഞെട്ടിച്ചുവെന്ന് ഇര്‍ഷാദ് ഖാന്‍ പറഞ്ഞു.
ആല്‍വാര്‍ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിധിയുടെ പകര്‍പ്പ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് ശേഷമാകും അപ്പീല്‍ നല്‍കുകയെന്നും ഇര്‍ഷാദ് വ്യക്തമാക്കി.
പെഹ്‌ലു ഖാന് നീതി ലഭിച്ചില്ലെന്ന് ബന്ധുവായ ഹുസൈന്‍ ഖാനും പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടെ മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് കേസ് നടത്തിയത്. വിധി കേള്‍ക്കാന്‍ കുടുംബം ഇന്നലെ കോടതിയില്‍ പോയിരുന്നില്ല. ഇന്നലെ വൈകുന്നേരം അഭിഭാഷകനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതോടെ ആശങ്ക തോന്നിയെന്നും ഹുസൈന്‍ ഖാന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
2017 ഏപ്രിലിലാണ് ഗോരക്ഷകര്‍ ഡല്‍ഹി – ആല്‍വാര്‍ ദേശീയ പാതയില്‍ വെച്ച് പെഹ്‌ലുഖാനെ ആക്രമിച്ചത്. ഹരിയാന സ്വദേശിയായ ഈ 55-കാരന്‍ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി പശുക്കളെ വാങ്ങാനാണ് ജയ്പൂരിലെത്തിയത്. പശുക്കളുമായി തിരിച്ചുപോകുമ്പോള്‍ കാലിക്കടത്ത് ആരോപിച്ച് ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 3-ന് മരിച്ചു.
Read more
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് 9 പേരെ പ്രതി ചേര്‍ത്തു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു. ഇതിനിടെ അനുമതി വാങ്ങാതെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലികളെ കൊണ്ടുപോയി എന്ന് ആരോപിച്ച് പെഹ്‌ലു ഖാനും മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. പെഹ്‌ലു ഖാന്റെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ 40 സാക്ഷികള്‍ ഉണ്ടായിരുന്നു. ഓഗസ്ത് 7-ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് ഇന്നലെ വിധി വന്നത്.