'' തെളിവുകളെല്ലാം  ഉണ്ടായിരുന്നിട്ടും നീതി ലഭിച്ചില്ല''; നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയാണിതെന്ന് പെഹ്‌ലു ഖാന്റെ മകന്‍

ആള്‍ക്കൂട്ടം തന്റെ പിതാവിനെ മര്‍ദ്ദിച്ചു കൊന്നുവെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടും നീതി ലഭിച്ചില്ലെന്ന് പെഹ്‌ലു ഖാന്‍റെ മകന്‍ ഇര്‍ഷാദ് ഖാന്‍. പെഹ്‌ലു ഖാന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടതില്‍ നിരാശയും ഞെട്ടലുമുണ്ടെന്ന് കുടുംബം. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയാണിതെന്ന് മകന്‍ ഇര്‍ഷാദ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷമായി നീതിക്കായി കാത്തിരിക്കുകയായിരുന്നു. നീതി ലഭിക്കുമെന്നും അതിലൂടെ പിതാവിന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്നുമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ആ പ്രതീക്ഷ തകര്‍ന്നെന്ന് മകന്‍ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചതാണ്. എന്നാല്‍ വിധി തങ്ങളെ ഞെട്ടിച്ചുവെന്ന് ഇര്‍ഷാദ് ഖാന്‍ പറഞ്ഞു.

ആല്‍വാര്‍ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിധിയുടെ പകര്‍പ്പ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് ശേഷമാകും അപ്പീല്‍ നല്‍കുകയെന്നും ഇര്‍ഷാദ് വ്യക്തമാക്കി.

പെഹ്‌ലു ഖാന് നീതി ലഭിച്ചില്ലെന്ന് ബന്ധുവായ ഹുസൈന്‍ ഖാനും പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടെ മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് കേസ് നടത്തിയത്. വിധി കേള്‍ക്കാന്‍ കുടുംബം ഇന്നലെ കോടതിയില്‍ പോയിരുന്നില്ല. ഇന്നലെ വൈകുന്നേരം അഭിഭാഷകനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതോടെ ആശങ്ക തോന്നിയെന്നും ഹുസൈന്‍ ഖാന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

2017 ഏപ്രിലിലാണ് ഗോരക്ഷകര്‍ ഡല്‍ഹി – ആല്‍വാര്‍ ദേശീയ പാതയില്‍ വെച്ച് പെഹ്‌ലുഖാനെ ആക്രമിച്ചത്. ഹരിയാന സ്വദേശിയായ ഈ 55-കാരന്‍ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി പശുക്കളെ വാങ്ങാനാണ് ജയ്പൂരിലെത്തിയത്. പശുക്കളുമായി തിരിച്ചുപോകുമ്പോള്‍ കാലിക്കടത്ത് ആരോപിച്ച് ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 3-ന് മരിച്ചു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് 9 പേരെ പ്രതി ചേര്‍ത്തു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു. ഇതിനിടെ അനുമതി വാങ്ങാതെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലികളെ കൊണ്ടുപോയി എന്ന് ആരോപിച്ച് പെഹ്‌ലു ഖാനും മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. പെഹ്‌ലു ഖാന്റെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ 40 സാക്ഷികള്‍ ഉണ്ടായിരുന്നു. ഓഗസ്ത് 7-ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് ഇന്നലെ വിധി വന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു