പെഹ്‌ലു ഖാന്‍ കൊലപാതക കേസ് പുനരന്വേഷണത്തിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉത്തരവിട്ടു. എല്ലാ പ്രതികളെയും വെറുതെ വിട്ട ആല്‍വാര്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നീക്കം. കേസില്‍ നീതി ലഭ്യമാക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
ഗോരക്ഷാ ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാന്‍ കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കാനാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉത്തരവിട്ടിരിക്കുന്നത്. തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട ആല്‍വാര്‍ അഡീഷണല്‍ സെഷന്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും കേസില്‍ നീതി ലഭ്യമാക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ട് വന്നത് പ്രശംസനീയമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
അതേസമയം, രാജസ്ഥാനിലെ ആല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് രതി റാം ജാദവ് ആത്മഹത്യ ചെയ്തു.
ഇന്നലെ വൈകീട്ടാണ് രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി രതി റാം ജാദവ് കീടനാശിനി കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. സംഭവം അറിഞ്ഞ കുടുംബാംഗങ്ങള്‍ ഉടന്‍ രതി റാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആള്‍ക്കൂട്ട ആക്രമണത്തില്‍ മകന്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് സുതാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി രതി റാമിനുണ്ടായിരുന്നതായി കുടുംബം പറയുന്നു.
ഒപ്പം കുറ്റാരോപിതരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതായും അന്വേഷണ വിവരങ്ങള്‍ തേടവെ പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ മാസമാണ് രതി റാമിന്റെ മകന്‍ ഹരിഷ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. ആല്‍വാറിലെ ചോംപാന്‍കിയില്‍ വെച്ച് ബൈക്കില്‍ വരവെ ഹരീഷ് കാല്‍നട യാത്രികയെ ഇടിച്ചിട്ടു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.