രാജസ്ഥാനില്‍ പശു സംരക്ഷകര്‍ കൊലപ്പെടുത്തിയ ക്ഷീര കര്‍ഷകനായ പെഹ്‌ലു ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ പശു മോഷണക്കേസ് ചുമത്തി. പെഹ്‌ലു ഖാനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ്പ് ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് രാജസ്ഥാനിലെ ആര്‍വാറില്‍ കന്നുകാലിമേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെഹ്‌ലു ഖാനും സംഘത്തിനും നേരെ ആക്രമണം ഉണ്ടായത്.
രാജസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയതിന് പിന്നാലെ പെഹ്‌ലു ഖാനെതിരെ കുറ്റപത്രം തയ്യാറാക്കിയിരുന്നു. ബെഹ്റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് കുറ്റപത്രം സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പെഹ്‌ലു ഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. അതേ സമയം പെഹ്‌ലു ഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്കെതിരെ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. സംഭവസമയത്ത് ഇവര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന വാദം മുമ്പോട്ടു വെച്ചാണ് പോലീസിന്റെ നടപടി.
2017 ഏപ്രിലിലാണ് കേസിനാധാരമായ സംഭവം. പെഹ്‌ലു ഖാനും സംഘവും ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ ഇവരെ ആക്രമിച്ചത്. പശുക്കളെ വാങ്ങിയതായുള്ള രേഖകളും ഇവരുടെ കൈയില്‍ ഉണ്ടായിരുന്നു.