ഉത്തര്‍പ്രദേശ് ഫൈസാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിംഗ് പരാജയപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി രാമായണം പരമ്പരയിലെ ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്‌റി. അയോദ്ധ്യ രാമക്ഷേത്രം ഉള്‍പ്പെട്ട മണ്ഡലമാണ് ഫൈസാബാദ്. സീതാദേവിയെ പോലും സംശയിച്ചവരാണ് അയോദ്ധ്യയിലെ ജനങ്ങളെന്നായിരുന്നു സുനില്‍ ലാഹ്‌റിയുടെ പ്രസ്താവന.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുനില്‍ ലാഹ്‌റി അയോധ്യയിലെ വോട്ടര്‍മാരെ കുറ്റപ്പെടുത്തിയത്. ബാഹുബലി എന്ന രാജമൗലി ചിത്രത്തില്‍ കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രത്തിനൊപ്പമാണ് സുനില്‍ ലാഹ്‌റി ഇന്‍സ്റ്റാഗ്രാം സ്റ്റോറി പങ്കുവച്ചത്. ഫോളോവേഴ്‌സിനായി ഒരു വീഡിയോയും സുനില്‍ പങ്കുവച്ചിട്ടുണ്ട്.
സീതാദേവിയെ സംശയിച്ച അതേ അയോധ്യ പൗരന്മാരാണ് ഇവരെന്ന് മറക്കുന്നു. ദൈവത്തെ പോലും നിഷേധിക്കുന്നവരെ നാം എന്ത് വിളിക്കും. സ്വാര്‍ത്ഥര്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍. അയോധ്യയിലെ ജനങ്ങള്‍ എല്ലായിപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അവരെക്കുറിച്ച് ഓര്‍ത്ത് നാണിക്കുന്നുവെന്നും സുനില്‍ ലാഹ്‌റി കുറിച്ചു.
തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്നും സുനില്‍ വീഡിയോയിലൂടെ വ്യക്തമാക്കി. താന്‍ നിരന്തരം ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിരുന്നതായും എന്നാല്‍ വോട്ടിംഗ് കുറവായിരുന്നുവെന്നും സുനില്‍ പറയുന്നു. ഇനി ഒരു സഖ്യം രൂപീകരിച്ച് സര്‍ക്കാര്‍ അധികാരകത്തിലേറും. എന്നാല്‍ എത്ര കാലം സുഗമമായി ഭരിക്കാന്‍ സാധിക്കുമെന്നും സുനില്‍ ചോദിക്കുന്നു.