കേരളത്തില്‍ നിന്നെത്തി പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ഒഴിക്കുന്നു; തമിഴ്‌നാട്ടില്‍ നിന്നെത്തി ബോംബ് സ്‌ഫോടനം നടത്തുന്നു; വിദ്വേഷം തുപ്പി കേന്ദ്രമന്ത്രി

കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്ദലജെ. കേരളത്തില്‍നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുവെന്നും തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബെംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നെന്നുവെന്നുമാണ് ബെംഗളൂരു നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയായ അവര്‍ ആരോപിച്ചത്.

ബെംഗളൂരുവിലെ രമേശ്വരം കഫേ സ്‌ഫോടനവും മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണവും ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളിലാണ് അവര്‍ വിദ്വേഷം തുപ്പിയത്.

ഒരാള്‍ തമിഴ്നാട്ടില്‍നിന്നു വന്ന് ഒരു കഫേയില്‍ ബോംബ് വച്ചു. ഡല്‍ഹിയില്‍നിന്നു മറ്റൊരാള്‍ വന്ന് നിയമസഭയില്‍ പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. കേരളത്തില്‍നിന്നു മറ്റൊരാള്‍ വന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കു നേരെ ആസിഡ് ഒഴിക്കുന്നു. ബെംഗളൂരുവില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയവര്‍ക്കെതിരെ ആക്രമണം നടന്നെന്നും ശോഭ പ്രസംഗത്തില്‍ പറഞ്ഞു.

ബെംഗളുരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷവുമായ ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ശോഭയുടെ ഇക്കാര്യങ്ങള്‍ ആരോപിച്ചത്. ശോഭ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.