പൗരത്വ ഭേദഗതി വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ നടപ്പാക്കിയത് ചോദ്യം ചെയ്യുമെന്ന് ഹർജിക്കാർ. വിഷയം ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കാൻ ശ്രമിക്കുമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെടുമെന്നും ഹർജിക്കാർ പറയുന്നു. സിഎഎക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്നാണ് വിമർശനം. വിഷയം തത്കാലം അവഗണിക്കാനാണ് കോൺഗ്രസ് തീരുമാനം.
സിഎഎക്കെതിരെ 237 ഹർജികളാണ് കോടതിയിൽ ഉള്ളത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഹർജികള്‍ പരിഗണിക്കുന്നത്. കോടതി വേനൽക്കാല അവധിയിലേക്ക് പോകാനിരിക്കെ ഹർജികള്‍ ഇന്ന് പരിഗണിക്കുമോയെന്ന് വ്യക്തമല്ല. ഇന്നലെ 14 പേർക്കാണ് പൗരത്വം നൽകാൻ തീരുമാനമായത്. പൗരത്വ സർട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് വിതരണം ചെയ്തത്. 300 പേർക്ക് ഓണ്‍ലൈനായി പൗരത്വം നൽകാനാണ് നീക്കം.
അതേസമയം സർക്കാർ പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. അർഹരായ എല്ലാ അഭയാർത്ഥികൾക്കും പൗരത്വം നൽകും എന്നാണ് പ്രതികരിച്ചത്. എത്ര അപേക്ഷകള്‍ ലഭിച്ചെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. രാജസ്ഥാൻ, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തുടക്കത്തിൽ പൗരത്വം നല്കിയിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികളാണ് തുടക്കത്തിൽ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതൽ അപേക്ഷകർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ അയച്ചു കൊടുക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അവസാന ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന യുപി, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സിഎഎ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. മുസ്ലിം ലീഗും കേരള സർക്കാരും സിഎഎ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്. ഹർജികളിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. അതിനിടെയാണ് സർക്കാർ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയിരിക്കുന്നത്.