പെട്രോളിന് രണ്ടാഴ്ചയ്ക്കിടെ കൂടിയത് പത്ത് രൂപയിലധികം; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും ഇന്ന് കൂട്ടി. കഴിഞ്ഞ രണ്ടാഴചയ്ക്കിടെ പെട്രോളിന് മാത്രം ഇതോടെ കൂടിയത് 10 രൂപ 3 പൈസയാണ്. ഡീസലിന് 9 രൂപ 69 പൈസയും കൂടി.

കൊച്ചിയില്‍ പെട്രോളിന 114 രൂപ 33 പൈസയായി. ഡീസല്‍ വില 100 രൂപ 88 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 116 രൂപ 32 പൈസയും ഡീസല്‍ വില 103 രൂപ 13 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ വില 114 രൂപ 49 പൈസയും, ഡിസല്‍ വില 101 രൂപ 42 പൈസയുമായി ഉയര്‍ന്നു.

പെട്രോളിയം ഉല്‍പന്നങ്ങളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമായി. ഇന്നലെ ബഹളത്തെ രുടര്‍ന്ന് രാജ്യസഭ പിരിഞ്ഞിരുന്നു.

പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ബജറ്റ് സെഷന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ അടിയന്തര പ്രമേയമായി ഇന്ധന വില വര്‍ദ്ധന വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Read more

അതേസമയം സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ വ്യക്തമാക്കി. കേന്ദ്രമാണ് ഉന്ധനവില കുറയ്‌ക്കേണ്ടത്. കേന്ദ്രവിഹിതം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് വില കുറയ്ക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.