പെട്രോള്‍ കമ്പനികള്‍ ജനത്തെ പിഴിയുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് കോടികളുടെ നേട്ടം; എണ്ണകമ്പനികള്‍ സര്‍ക്കാരിന് നല്‍കിയത് 45,000 കോടി രൂപ

ജനത്തിന്റെ പോക്കറ്റ് കൊള്ളയടിച്ച് എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് മൂന്നരവര്‍ഷം കൊണ്ട് നല്‍കിയ ലാഭവിഹിതം 44,637.22 കോടി രൂപ. ലാഭവിഹിതം ഏറ്റവും കൂടുതല്‍ നല്‍കിയത് ഒ.എന്‍.ജി.സിയാണ് 18,709.91 കോടി രൂപ. 12,936.61 കോടിരൂപ നല്‍കിയ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്ര ധനകാര്യ അണ്ടര്‍ സെക്രട്ടറി രമാകാന്ത് സിങ് നല്‍കിയ വിവരാവകാശ രേഖയിലാണ് എണ്ണക്കമ്പനികളുടെ ലാഭക്കണക്ക് വെളിപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നികുതിയും സെസും അടക്കമുള്ളവയ്ക്കു പുറമേയാണിത്.

സംസ്ഥാനത്ത് ഇന്നു പെട്രോള്‍ വില ലിറ്ററിന് 75 രൂപയും ഡീസലിന് 67 രൂപയും കടന്നു. ഇന്നു തിരുവനന്തപുരത്ത് പെട്രോളിന് 75.25 രൂപയും ഡിസലിന് 67.39 രൂപയുമാണ്. കൊച്ചിയില്‍ ഇത് യഥാക്രമം 73.95, 66.12 രൂപയുമാണ് , പാലക്കാട്: 74.51, 66.56 രൂപ. കോഴിക്കോട് പെട്രോളിന് 74.28 രൂപയും, ഡീസലിന് 66.43 രൂപയുമാണ്.

ഡിസംബര്‍ 15 മുതലുള്ള ഒറ്റമാസത്തില്‍ പെട്രോളിനു കൂടിയത് രണ്ടു രൂപയിലേറെയാണ്. ഡീസലിന് എട്ടുമാസം കൊണ്ടുകൂടിയത് എട്ടുരൂപയാണ്.വില അമിതമായി കുതിച്ചു കയറാന്‍ തുടങ്ങിയതോടെയാണ് പെട്രോളിന്റെ ദിവസേനയുള്ള വിലവര്‍ദ്ധന മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം ആരംഭിച്ചത്. . രാജ്യാന്തരവിപണയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്. രാജ്യാന്തരവില അടിസ്ഥാനമാക്കിയാല്‍ പെട്രോള്‍വില 100 കടക്കാന്‍ സാധ്യതയുണ്ട്.

Read more

ദ്വൈവാരവില നിര്‍ണയരീതി പുഃനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍കൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. അതേസമയം, ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷനും ജിഎസ്ടിയില്‍ ലയിപ്പിക്കാനുള്ള നീക്കം കേരളം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ധനമന്ത്രി പറഞ്ഞു.