വെടിവച്ച് കൊന്ന പുലിയ്‌ക്കൊപ്പം സെല്‍ഫി ; 'പുലിവാല്' പിടിച്ച് എംഎല്‍എയും വനംവകുപ്പ് ഉദ്യോഗസ്ഥരും

വെടിവച്ച് കൊന്ന പുലിയോടൊപ്പം ഫോട്ടോയെടുത്ത് എംഎല്‍എയും ഉദ്യോഗസ്ഥരും വെട്ടിലായി. നിരവധിപേരുടെ ജീവനെടുത്ത പുള്ളിപ്പുലിയെയാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നത്. എന്നാല്‍ പുലിയുടെ മൃതദേഹത്തോടൊപ്പം ഫോട്ടോ എടുത്തതോടെയാണ് ഉദ്യോഗസ്ഥര്‍ പുലിവാല് പിടിച്ചത്. മൃഗസംരക്ഷണ പ്രവര്‍ത്തകരും പരിസ്ഥിതി സ്‌നേഹികളുമാണ് വനംവകുപ്പിന്റെ “ക്രൂരത”ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ശനിയാഴ്ചയാണ് സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെ ഏഴ് പേരെ കൊന്ന പുള്ളിപ്പുലിയെ വെടിവച്ചു വീഴ്ത്തിയത്. പുലിയെ കണ്ടമാത്രയില്‍ വെടിവച്ച് കൊല്ലാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായ എ..കെ..മിശ്ര നവംമ്പര്‍ അവസാന വാരം ഉത്തരവിട്ടിരുന്നു. വനം വകുപ്പ് പുലിയെ കൊല്ലുന്നതിനായി മൂന്നു വേട്ടക്കാരെ നിയമിച്ചിരുന്നു. ഡല്‍ഹിയില്‍നിന്നും ഹൈദരാബാദില്‍നിന്നുമുള്ള വേട്ടക്കാരെയാണ് ഇതിനായി നിയമിച്ചത്.ഇതിനുപുറമേ പുലിയെ പിടികൂടാന്‍ പത്ത് കൂടുകള്‍ വച്ചിരുന്നുവെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള വെടിവയ്പ്പുകാരനായ നവാബ് ഷഫത് അലി ഖാനാണ് നിരവധിപേരുടെ ഉറക്കം കളഞ്ഞ പുലിയെ വെടിവച്ച് കൊന്നത്. പുലിയെ കൊന്നതിന് ശേഷം എംഎല്‍എ ഉന്‍മേഷ് പട്ടേലും മറ്റു ഉദ്യോഗസ്ഥരും “വിജയാഹ്ലാദ” സെല്‍ഫികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

Read more

കൊല്ലപ്പെട്ട മൃഗത്തോടൊപ്പം എങ്ങിനെയാണ് ചിരിച്ചുകൊണ്ടുള്ള സെല്‍ഫികള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചതെന്നാ്ണ് മുംബൈക്കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഡോ. സരിത സുബ്രമണ്യം ചോദിക്കുന്നത്. 1972 ലെ മൃഗ സംഗക്ഷണ ആക്ട് പ്രകാരം ഇത് ശിക്ഷാര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൃഗസംരക്ഷണത്തിന് ഇത്രയേറെ പ്രാധാന്യം കല്‍പിക്കുന്ന മഹാരാഷ്ട്രയില്‍ ഇത്തരം മൃഗഹത്യ നടക്കരുതായിരുന്നു എന്നാണ് മൃഗസ്നേഹികളുടെ പരാതി. ഇത്രയേറെ ഉദ്യോഗസ്ഥരുള്ളപ്പോള്‍ പുലിയെ തടവിലാക്കി വനത്തിലോ മറ്റു സംരക്ഷണ ഇടങ്ങളിലേക്കോ വിടാമായിരുന്നു എന്നാണ് അവരുടെ വാദം