സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

പഞ്ചാബ് അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകരെ അക്രമി ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ചതായാണ് പരാതി. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ക്ഷേത്ര പരിസരത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തില്‍ പരിക്കേറ്റവരില്‍ രണ്ടുപേര്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ വളണ്ടിയര്‍മാരാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ അമൃത്സറിലെ ശ്രീ ഗുരു റാം ദാസം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സുവര്‍ണക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് സംഭവം നടന്നത്.

ആക്രമണത്തിന് മുന്‍പ് പ്രതിയും ഇയാളുടെ കൂട്ടാളികളും ക്ഷേത്രപരിസരം മുഴുവന്‍ നീരീക്ഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഭക്തരുടെ മുന്നിലായിരുന്നു ആക്രമണം. തുടര്‍ന്ന് അക്രമിയെയും കൂട്ടാളികളെയും ക്ഷേത്രസമുച്ചയത്തില്‍ ഉണ്ടായിരുന്നവര്‍ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.