പിണറായി വിജയന്‍ - ബസവരാജ ബൊമ്മെ കൂടിക്കാഴ്ച്ച; സില്‍വര്‍ ലൈന്‍ മംഗളുരൂ വരെ നീട്ടുന്നത് ചര്‍ച്ചയായി

പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി. ബസവരാജ ബൊമ്മെയുടെ ഔദ്യോഗിക വസതിയില്‍ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയില്‍ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പദ്ധതി മംഗളൂരു വരെ നീട്ടുന്നത് പ്രധാന ചര്‍ച്ചയായി. തലശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നതായാണ് വിവരം.

സില്‍വര്‍ ലൈനിന്റെ സാങ്കേതിക വിവരങ്ങള്‍ കര്‍ണാടക തേടിയിട്ടുണ്ട്. പദ്ധതിയുടെ ഡിപിആര്‍ ഉള്‍പ്പടെ സാങ്കേതിക വിവരങ്ങള്‍ കേരളം കര്‍ണാടകയ്ക്ക് കൈമാറും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നിര്‍ദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം.

ഈ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കൂടിക്കാഴ്ചക്ക് ശേഷം കര്‍ണാടക ബാഗെപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും മുഖ്യമന്ത്രി പങ്കെടുക്കും.

Read more

ബാഗെപ്പള്ളിയിലെ പരിപാടിയില്‍ പിണറായി വിജയനൊപ്പം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും, ബി വി രാഘവരഘുവും പങ്കെടുക്കും.