മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി സമുദായങ്ങളുടെ ന്യൂനപക്ഷ പദവി ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ഒരുമിച്ച് പരിഗണിക്കണമെന്ന അപേക്ഷയുമായി ബി.ജെ.പി നേതാവ്. രാജ്യത്തിൻറെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ ഒരുമിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഈ സമുദായങ്ങൾ ഭൂരിപക്ഷമാണെന്നും ഇവിടങ്ങളിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് ഒരു ആനുകൂല്യവും ലഭ്യമാവുന്നില്ലെന്നും കാണിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്.
ഡൽഹി, മേഘാലയ, ഗുവാഹതി ഹൈക്കോടതികളിലാണ് നിലവിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമത്തിനെതിരായ ഹർജികളുള്ളത്. ദേശീയ കണക്കുകൾ പ്രകാരം ഭൂരിപക്ഷമായ ഹിന്ദു സമുദായം മിസോറം, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ് സംസ്ഥാനങ്ങളിലും ജമ്മു–കശ്മീർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ന്യൂനപക്ഷമാണ്.
നിലവിൽ ന്യൂനപക്ഷ പദവിയും ആനുകൂല്യവുമുള്ള സമുദായങ്ങൾക്ക് വിവിധ സംസ്ഥാനങ്ങളിൽ ഗണ്യമായ രീതിയിൽ സാന്നിദ്ധ്യമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. ഹിന്ദുക്കൾ ന്യൂനപക്ഷമായ സംസ്ഥാനങ്ങളിൽ അവർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാണ് ആവശ്യം.