മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഇടയാണ് ചർച്ച നടന്നത്. മണിപ്പൂർ സംഘർഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മുഖ്യമന്ത്രി ബിരേൻ സിംഗുമായി കൂടിക്കാഴ്ച നടത്തുന്നത്. ഉദ്യോഗസ്ഥരെ ഒഴിവാക്കി നടന്ന കൂടിക്കാഴ്ചയിൽ അമിത് ഷായും രാജ്നാഥ് സിംഗും പങ്കെടുത്തു.
20 മിനിറ്റോളം നീണ്ടുനിന്ന ചർച്ചയിൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാൽ കൂടിക്കാഴ്ചയുടെ മറ്റു വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ബിജെപി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന യോഗത്തിനിടയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
കലാപം പൊട്ടിപുറപ്പെട്ടിട്ട് 15 മാസങ്ങൾ ആയിട്ടും മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങൾ രാജ്യത്തെമ്പാടും ഉയർന്നിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ മണിപ്പൂർ മുഖ്യമന്ത്രിയുമായി മോദി ചർച്ച നടത്തുമോയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പരിഹസിച്ച് ചോദിച്ചിരുന്നു. ഉക്രെയ്‌നിലേക്കുള്ള യാത്രയ്ക്ക് മുമ്പോ ശേഷമോ മണിപ്പൂർ സന്ദർശിക്കാൻ ബിരേൻ സിംഗ്, നരേന്ദ്ര മോദിയെ ക്ഷണിച്ചോ എന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ജയറാം രമേശ് ചോദിച്ചിരുന്നു.
‘നോൺ-ബയോളജിക്കൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടക്കുന്ന നിതി ആയോഗ് യോഗത്തിൽ മണിപ്പൂർ മുഖ്യമന്ത്രി പങ്കെടുക്കുന്നു. തുടർന്ന് മണിപ്പൂർ മുഖ്യമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കുന്നു. മണിപ്പൂരിലെ ജനങ്ങൾ ചോദിക്കുന്ന ലളിതമായ ചോദ്യം ഇതാണ്: 2023 മെയ് 3ന് രാത്രി കത്താൻ തുടങ്ങിയ മണിപ്പൂരിലെ സ്ഥിതിഗതികൾ ശ്രീ എൻ. ബിരേൻ സിംഗ് ശ്രീ നരേന്ദ്ര മോദിയെ വെവ്വേറെ കാണുകയും ചർച്ച ചെയ്യുകയും ചെയ്യുമോ? ഉക്രെയ്‌നിലേക്കുള്ള യാത്രയ്ക്ക് മുമ്പോ ശേഷമോ മണിപ്പൂർ സന്ദർശിക്കാൻ ശ്രീ ബിരേൻ സിംഗ് ശ്രീ നരേന്ദ്ര മോദിയെ ക്ഷണിച്ചോ?’ – എന്നായിരുന്നു ജയറാം രമേശിന്റെ പോസ്റ്റ്.
2023 മെയ് 3ന് ആരംഭിച്ച കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിലുള്ള അക്രമത്തിൽ ഇതുവരെ 225 പേർ മരിക്കുകയും 50,000 ത്തോളം പേർ പലായനം ചെയ്യുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകൾ. ഏറ്റുമുട്ടലുകളുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും, സംഘർഷം ഇപ്പോഴും
മണിപ്പൂരിൽ നിലനിൽക്കുന്നു, രണ്ട് ഗ്രൂപ്പുകളെയും സുരക്ഷാ സേനയാൽ വേർതിരിച്ചിരിക്കുകയാണ്.