ആപ് വെറും ദുരന്തമായി മാറിയെന്ന് പറഞ്ഞു ഡല്‍ഹിയില്‍ ഉടനീളം പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അരവിന്ദ് കെജ്രിവാളിന്റെ മുഖ്യമന്ത്രി വസതിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കടുപ്പിക്കുകയാണ്. ആംആദ്മി പാര്‍ട്ടിയാകട്ടെ തിരിച്ച് ഡല്‍ഹി ബിജെപിയ്ക്ക് കിട്ടില്ലെന്ന് പറഞ്ഞു മറുപ്രചാരണം കടുപ്പിക്കുമ്പോള്‍ വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് തലസ്ഥാന നഗരം. ഡല്‍ഹിയില്‍ റാലി നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ വായനയെ കളിയാക്കി കൊണ്ട് ആംആദ്മി പുറത്തുവിട്ടി വീഡിയോയും ക്യാപ്ഷനും ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയാണ്. ഡല്‍ഹിയില്‍ ബിജെപിയേ പോലെ തന്നെ മോദീ ജീയുടെ പ്രോംപ്റ്ററും തകരാറിലായെന്ന് പറഞ്ഞാണ് ആപിന്റെ ട്വീറ്റ്.
തന്റെ പ്രസംഗത്തിന്റെ വാക് ചാതുരിയുടേയും വൈകാരിക അതിപ്രസരത്തിന്റേയും എല്ലാം പേരില്‍ പരക്കെ അറിയപ്പെടുന്ന നരേന്ദ്ര മോദിയുടെ പ്രസംഗകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാങ്കേതിക സഹായത്തോടെ ടെലിപ്രോംപ്റ്ററുകള്‍ ഉപയോഗിച്ചാണെന്നത് പലപ്പോഴും ആക്ഷേപവിധേയമായ കാര്യമാണ്. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ ഇത്തരത്തില്‍ ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ച് പ്രസംഗങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി ഈ ഒരു ഒഴുക്കിനാല്‍ ശ്രദ്ധ നേടുന്നതും പതിവാണ്. ഡല്‍ഹി രോഹിണിയില്‍ മോദി നടത്തിയ റാലിയില്‍ ടെലിപ്രോംപ്റ്റര്‍ തകരാറിലായെന്നും മോദി പ്രസംഗത്തിനിടയില്‍ നിര്‍ത്തി പ്രോപ്റ്റര്‍ സാങ്കേതിക ടീം ശരിയാക്കുന്നതിനായി കാത്തുനിന്ന നിമിഷങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എഴുതിയതിനപ്പുറം ഒരു വരിപോലും അധികമായി പറയാന്‍ കഴിയാതെ വേദിയില്‍ മിണ്ടാതെ നില്‍ക്കുന്ന പ്രധാനമന്ത്രിയെ ആംആദ്മി പരിഹസിച്ചത്.
दिल्ली में BJP की तरह मोदी जी का Teleprompter भी Fail हो गया…. pic.twitter.com/iqSsx0GZ4K
— AAP (@AamAadmiParty) January 5, 2025
പ്രസംഗത്തില്‍ കാര്യമായ ഇടവേളയുണ്ടായതും വല്ലാത്ത അസ്വസ്ഥ ഭാവത്തോടെ മോദി കാത്തുനില്‍ക്കുകയും ചെയ്യുന്ന വീഡിയോ എഎപി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും സാങ്കേതിക ടീം പ്രശ്‌നം പരിഹരിച്ചതോടെ ആംആദ്മിയ്‌ക്കെതിരെ മോദി കത്തിക്കയറി. ഡല്‍ഹിയുടെ വികസന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ആം ആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി മോദി ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഡല്‍ഹിയുടെ ശോഭനമായ ഭാവിക്കായി ബിജെപിയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.