ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന തിരക്കിലാണ് ഇന്ത്യയും. രാജ്യത്തിന്റെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും. ഉച്ചകോടി ആരംഭിക്കാൻ ഇനി വെറും മൂന്നു ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അവസാനഘട്ട ഒരുക്കങ്ങളിലാണ് സംഘടകർ. നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എല്ലാ ഒരുക്കങ്ങൾക്കും നേതൃത്വം നൽകുകയാണ്.
ആസിയാൻ ഇന്ത്യ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാനായി ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് ഇപ്പോൾ പ്രധാനമന്ത്രി. ഒരു ദിവസത്തെ സന്ദർശനത്തിനു ശേഷം ഇന്ന് തന്നെ മോദി മടങ്ങിയെത്തും. ജക്കാർത്ത സന്ദർശനത്തിന് മുന്നോടിയായി രാത്രി 7:30 വരെ പ്രധാനപ്പെട്ട വിവിധ യോഗങ്ങളിൽ പങ്കെടുത്തിരുന്നു.
ആസിയാൻ രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും. ജക്കാർത്തയിലെത്തിയ വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് നരേന്ദ്രമോദി അറിയിച്ചത്. ജക്കാർത്തയിലെത്തിയെന്നും ആസിയാനുമായി ബന്ധപ്പെട്ട ചർച്ചയിൽ നേതാക്കളുമായി ചേർന്ന് കൂടുതൽ മെച്ചപ്പെട്ട ലോകത്തെ കെട്ടിപടുക്കാൻ ശ്രമിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യൻ സമയം രാവിലെ 7 മണിക്കായിരുന്നു മോദി ആസിയാൻ – ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുത്തത്. രാവിലെ 8:45 ന് പ്രധാനമന്ത്രി കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കും.മീറ്റിംഗ് കഴിഞ്ഞ് ഉടൻ തന്നെ പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് പുറപ്പെടും. ഇന്ത്യൻ സമയം 11:45 ന് ദില്ലിയിലേക്ക് തിരിക്കും
സെപ്തംബർ 8 ന് പ്രധാനമന്ത്രി അമേരിക്കയടക്കമുള്ള 3 രാജ്യങ്ങളുമായി സുപ്രധാന ഉഭയകക്ഷി യോഗങ്ങൾ നടത്തും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയും ഇതിൽ ഉൾപ്പെടുന്നുണ്ട്. അതിപ്രധാനമായ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടി ഈ മാസം 9 നാണ് തുടങ്ങുക.