സെപ്റ്റംബര്‍ 27 - ന് യു.എന്‍ പൊതുസഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 27 – ന് യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ പ്രസംഗിക്കും. രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുമാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

സെപ്റ്റംബര്‍ 27 – ന് തന്നെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗോള നേതാക്കളെ അഭിസംബോധന ചെയ്യുന്നത്.. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് തൊട്ടു പിന്നാലെയായിരിക്കും ഇംറാന്‍ ഖാന്‍ യു.എന്‍.ജി.എ സമ്മേളനത്തില്‍ പ്രസംഗിക്കുക.

പട്ടിക പ്രകാരം 112-ഓളം രാഷ്ട്രത്തലവന്മാരും 48- ഓളം സര്‍ക്കാര്‍ മേധാവികളും 30- ലധികം വിദേശകാര്യ മന്ത്രിമാരും പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തും. യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് 24-നാണ് പ്രസംഗിക്കുക. പൊതുചര്‍ച്ചയില്‍ ബ്രസീലിനു ശേഷം പരമ്പരാഗതമായി രണ്ടാമതാണ് യു.എസ്. പ്രതിനിധിക്ക് അവസരം നല്‍കുക.

യു.എസിലെ ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മോദിയെ ആദരിക്കുന്നുണ്ട്. 2019-ലെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡും സമ്മാനിക്കും. സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മോദിയെ അവാര്‍ഡിന് പരിഗണിച്ചത്.ലോകം മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിക്കുമ്പോൾ യു.എൻ. ആസ്ഥാനത്ത് സെപ്റ്റംബർ 24-ന് നടക്കുന്ന പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.