പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കും. രണ്ടാംവട്ട മോദി സർക്കാരിൽ ഇത് ആദ്യത്തെ തവണയാണ് മന്ത്രിസഭാ പുനഃസംഘടന നടക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് പുറമെ രാഷ്ട്രീയവും ഭരണപരവുമായ വെല്ലുവിളികളെ ശ്രദ്ധയോടെ വിലയിരുത്തിയായിരിക്കും മാറ്റങ്ങൾ വരുത്തുക.
ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൽ, നാരായണൻ റാണെ, വരുൺ ഗാന്ധി, ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) പശുപതി പരസ് എന്നിവർ പുതിയ മന്ത്രിസഭയിൽ ഉണ്ടാകും എന്നാണ് കരുതുന്നത്.
പുതിയ മന്ത്രിസഭ ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞതായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒ.ബി.സിക്കായി(മറ്റ് പിന്നോക്ക വിഭാഗം) മന്ത്രിസഭയുടെ വലിയൊരു പങ്ക് നീക്കിവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വനിതാ മന്ത്രിമാരുണ്ടാകുമെന്നും ഭരണ പരിചയമുള്ളവർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുമെന്നും വൃത്തങ്ങൾ അറിയിച്ചു.
നവീകരിച്ച മന്ത്രിസഭയിൽ ശരാശരി വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് “പിഎച്ച്ഡി, എംബിഎ, ബിരുദാനന്തര ബിരുദധാരികൾ, പ്രൊഫഷണലുകൾ” എന്നിവരെ ഉൾപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
പുനഃസംഘടന സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും, അടുത്ത വർഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പും 2024 ലെ ദേശീയ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് ഇത്.
“രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി” ഒരു പുതിയ “സഹകരണ മന്ത്രാലയം” സൃഷ്ടിച്ചതായി സർക്കാർ പറയുന്നു.
മന്ത്രിസഭാ മാറ്റങ്ങൾക്ക് മുന്നോടിയായി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവാർചന്ദ് ഗെലോത്തിനെ ഗവർണറായി ഉയർത്തുകയും നിരവധി ഗവർണർമാരെ ഇന്നലെ മാറ്റുകയും ചെയ്തു.