മഹാലക്ഷ്മി ശ്ലോകം ചൊല്ലി പ്രധാനമന്ത്രി, ലക്ഷ്യം വികസിത ഇന്ത്യ; പാർലമെന്റിലെത്തി രാഷ്‌ട്രപതി

ബജറ്റ് സമ്മേളനത്തിന് മുമ്പ് മഹാലക്ഷ്മി ശ്ലോകം ചൊല്ലി, മഹാലക്ഷ്മിയുടെ അനുഗ്രഹം തേടി പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മധ്യവർഗത്തിനടക്കം ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ ജനങ്ങൾ മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേൽപ്പിച്ചു. ഇത്തവണത്തെ ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും. എല്ലാത്തവണത്തെയും പോലെ നിർണ്ണായക ബില്ലുകൾ ഈ സമ്മേളനത്തിലുമുണ്ട്. പരിഷ്കാരങ്ങൾക്ക് ശക്തി പകരുകയെന്നതാണ് ബജറ്റിൻറെ ലക്ഷ്യം. യുവാക്കളുടെ ലക്ഷ്യപൂർത്തീകരണവും സർക്കാരിൻറെ ദൗത്യമാണ്. സ്ത്രീ ശാക്തീകരണത്തിനും സർക്കാർ എന്നും പ്രാധാന്യം നൽകും.

സമ്മേളനം സുഗമമായി കൊണ്ടുപോകാൻ പ്രതിപക്ഷ സഹകരണം വേണം. വികസിത ഭാരതം എന്നത് ജനപ്രതിനിധികളുടെ മന്ത്രമാകണമെന്നും യുവ എംപിമാർക്ക് വലിയ ദൗത്യങ്ങൾ ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം രാജ്യം സമ്പൂർണ വികസനം നേടും. ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശക്തി പകരലാണ്. സമസ്ത മേഖലകളിലെയും വികസനമാണ് ലക്ഷ്യം. യുവാക്കളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണ്. സ്ത്രീകൾക്കും യുവാക്കൾക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകുമെന്നും സ്ത്രീശാക്തീകരണത്തിന് ഊന്നലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബജറ്റ് സമ്മേളനത്തിനായി രാഷ്ട്രപതി പാർലമെൻറിലെത്തി. രാഷ്ട്രപതി പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുകയാണ്. നാളെയാണ് 2025ലെ കേന്ദ്ര ബജറ്റ് അവതരണം.