ലോക്ക്ഡൗണ്‍; പ്രധാനമന്ത്രി മോദിയുടെ മുഖ്യമന്ത്രിമാരുമായുള്ള യോഗം നാളെ

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ലോക്ക്ഡൗൺ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമാകും ചര്‍ച്ചയെന്നാണ് സൂചന. ചൊവ്വാഴ്ചയായിരിക്കും യോഗമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17-ന് അവസാനിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുയി ചര്‍ച്ച നടത്തുന്നത്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനേക്കുറിച്ചും ഹോട്ട്സ്പോട്ടുകളില്‍ കൊറോണയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ആണ് ഇത്. കുടിയേറ്റ തൊഴിലാളികളുടെ യാത്ര സംബന്ധിച്ചും ചര്‍ച്ചചെയ്യും.

മെയ് 17-ന് ശേഷം തുറക്കേണ്ട മേഖലകള്‍ സംബന്ധിച്ച ധാരണയുണ്ടാക്കുന്നതിന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ശനിയാഴ്ച രണ്ട് സുപ്രധാന യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. കഴിഞ്ഞ ആഴ്ച കോവിഡ് കേസുകള്‍ കുത്തനെ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ഒരു യോഗം. വ്യാവസായ യൂണിറ്റുകള്‍ തുറക്കുന്നതും മറ്റുമായിരുന്നു രണ്ടാമത്തെ യോഗത്തിലെ വിഷയം. ഇന്ന് അദ്ദേഹം ചീഫ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തി.