ഇന്ത്യയിൽ ഇതുവരെ 29 കൊറോണ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിൽ മൂന്നെണ്ണം കേരളത്തിൽ നിന്നായിരുന്നെന്നും ഈ മൂന്നു പേർ സുഖം പ്രാപിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ പാർലമെന്റിൽ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് ഹർഷ് വർദ്ധൻ പറഞ്ഞു. കൊറോണ വൈറസ് ചെറുക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ ജനുവരി 17 മുതൽ ആരംഭിച്ചിരുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.
ഹരിയാനയിലെ ഗുഡ്ഗാവിലെ പേടിഎം ജീവനക്കാരനിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇ-വാലറ്റ് കമ്പനിയായ പേടിഎമ്മിന്റെ ഗുഡ്ഗാവ് ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചുപൂട്ടി. ഇന്ത്യയിലെ 29-ാമത്തെ കൊറോണ കേസാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 ഇറ്റാലിയൻ വിനോദസഞ്ചാരികളുടെ ഒരു സംഘത്തിന് രോഗം പിടിപെട്ടതായി കണ്ടെത്തിയതോടെയാണ് എണ്ണത്തിൽ വർദ്ധന ഉണ്ടായത്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു ഇന്ത്യൻ ഡ്രൈവർക്കും കൊറോണ സ്ഥിരീകരിച്ചു.