അസമില്‍ രജിസ്റ്റല്‍ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഗ്നേഷ് മേവാനി എംഎല്‍എ. തന്റെ അറസ്റ്റിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് മേവാനി ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍ നടന്നത്.
ഒരു സ്ത്രീയെ ഉപയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നടന്നു. കേസ് അസം പൊലീസ് കെട്ടിച്ചമച്ചതാണ്. ഗൂഢാലോചനയില്‍ പ്രധാനമന്ത്രിയുടെ ഓഫീസും പങ്കാളിയാണ്.
‘അവര്‍ എന്നെ കൂടെ കൊണ്ടുപോയി, പക്ഷേ കേസിന്റെ വിശദാംശങ്ങള്‍ എനിക്ക് നല്‍കിയില്ല. ഞാന്‍ ഒരു അഭിഭാഷകനും നിയമനിര്‍മ്മാതാവുമാണ്. എനിക്കെതിരെ ഉപയോഗിച്ച വകുപ്പുകള്‍ അവര്‍ എന്നോട് പറഞ്ഞില്ല, എന്റെ മാതാപിതാക്കളോട് സംസാരിക്കാന്‍ എന്നെ അനുവദിച്ചില്ല,’മേവാനി പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ ലജ്ജിക്കണം.
‘ഏപ്രില്‍ 19 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത്, എന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് 2,500 കിലോമീറ്ററിലധികം യാത്ര ചെയ്തു. എന്നെ തകര്‍ക്കാനായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണിത്.’
പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന രണ്ട് ട്വീറ്റുകളുടെ പേരില്‍ ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയായ മേവാനിയെ ഗുജറാത്തിലെ പാലന്‍പൂര്‍ ടൗണില്‍ നിന്ന് അസം പോലീസ് സംഘം കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. അസമിലെ ബിജെപി നേതാവാണ് കേസ് നല്‍കിയത്. ഏപ്രില്‍ 25 ന് ജാമ്യം നേടി. തുടര്‍ന്ന് ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ നല്‍കിയ ആക്രമണ പരാതിയില്‍ ഉടന്‍ തന്നെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അസമിലെ പ്രാദേശിക കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മേവാനി ജയില്‍ മോചിതനായത്.