അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രജ്വലിന്റെ അമ്മയ്ക്കും നോട്ടീസ് അയച്ച് പൊലീസ്; ജൂണ്‍ 1ന് ഹാജരാകണം

ലൈംഗികാതിക്രമ കേസില്‍ ഹാസനിലെ സിറ്റിംഗ് എംപി പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായതിന് പിന്നാലെ അമ്മയ്ക്കും നോട്ടീസ് നല്‍കി പൊലീസ്. ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണയ്ക്കും മാതാവ് ഭവാനി രേവണ്ണയ്ക്കുമെതിരെ പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ജൂണ്‍ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ചാണ് നോട്ടീസ്. അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭവാനി രേവണ്ണയ്‌ക്കെതിരെ അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഭവാനിയ്ക്കും അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. തട്ടിക്കൊണ്ടുപോകാന്‍ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തിയെന്നാണ് മൊഴി.

കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഭവാനി രേവണ്ണ കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണയെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ എച്ച്ഡി രേവണ്ണ ജാമ്യം നേടുകയും ചെയ്തിരുന്നു.

അതേസമയം ഇന്ന് പുലര്‍ച്ചെ ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത് വിനതാ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. പ്രജ്വല്‍ രേവണ്ണയുടെ അറസ്റ്റിലും അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു കര്‍ണാടക പൊലീസിന്റെ നടപടി.

വിവാദങ്ങള്‍ക്ക് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനെ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വനിതാ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സാധാരണയായി ഇത്തരം കേസുകളില്‍ സ്ത്രീകളായ പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാറില്ല.

എന്നാല്‍ പ്രജ്വല്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന പരാതിയില്‍ അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആസൂത്രിതമായ നീക്കമായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ 12.50ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ ഉടന്‍ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Read more

ഏപ്രില്‍ 26ന് ആയിരുന്നു ഹാസനിലെ ലോക്സഭ തിരഞ്ഞെടുപ്പ്. വിവാദങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 27ന് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നു. തുടര്‍ന്ന് അന്വേഷണ സംഘത്തെ കബളിപ്പിച്ച് 33 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് പ്രജ്വല്‍ തിരികെയെത്തിയത്.