ജാമിയ മിലിയയിൽ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവച്ചതായി വെളിപ്പെടുത്തൽ

ഡൽഹിയിൽ ഡിസംബർ 15 ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് തോക്കുകൾ ഉപയോഗിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായി റിപ്പോർട്ട്.

സാഹചര്യം കൈവിട്ടുപോകുമെന്ന അവസ്ഥയിൽ സ്വയം രക്ഷാർത്ഥം പൊലീസ് ഉദ്യോഗസ്ഥർ വായുവിൽ വെടിയുതിർക്കുകയും എല്ലാ പപൊലീസ് സ്റ്റേഷനുകളിലും സൂക്ഷിക്കുന്ന ദൈനംദിന ഡയറിയിൽ വെടിവച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.

പ്രതിഷേധത്തിന്റെ നിരവധി വീഡിയോകൾ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഈ വീഡിയോകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ ഹാൻഡ്‌ഗണുകൾ പ്രയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വെടിവച്ചു എന്ന് പറയപ്പെടുന്ന ഡൽഹിയിലെ മഥുര റോഡിൽ പ്രക്ഷോഭകർ കല്ലെറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ചതായും സ്വയം പ്രതിരോധത്തിനായി ഒരു ഉദ്യോഗസ്ഥൻ വായുവിൽ വെടിയുതിർത്തതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവാദപരമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു, വലിയ രീതിയിലുള്ള പൊലീസ് അടിച്ചമർത്തലാണ് വിദ്യാർത്ഥികൾ നേരിട്ടത്. ബാറ്റണും കണ്ണീർ വാതകവും ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ നോക്കിയ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.

Read more

പിന്നീട് പൊലീസ് തോക്കുകൾ ഉപയോഗിച്ചതായി അവകാശവാദങ്ങളുണ്ടായിരുന്നുവെങ്കിലും ഡൽഹി പൊലീസ് ഇത് നിഷേധിച്ചു. വിദ്യാർത്ഥികൾക്ക് വെടിയേറ്റ മുറിവുകൾ ഉണ്ടായി എന്ന് പറയപ്പെടുന്നത് കണ്ണീർ വാതക കാനിസ്റ്ററുകളിൽ നിന്നുള്ള പരിക്കുകളാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ ആണ് ഡൽഹി പൊലീസ് തോക്ക് ഉപയോഗിച്ച് വെടിവച്ചിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.