രാജ്യവ്യാകമായി പ്രതിഷേധങ്ങൾ ഉയരുമ്പോഴും പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതിവരെ ഇടപെടുമ്പോഴും മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. കഴിഞ്ഞ ദിവസം സംഘർഷത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒരു പൊലീസുകാരൻ കൂടി മരിച്ചു. ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് പൊലീസുകാരന് വെടിയേറ്റത്.
കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളിൽ 27 പേർക്ക് പരിക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐആർബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചെന്ന വിവരവും സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് അടുത്ത വെള്ളിയാഴ്ച രാജ്യസഭയിൽ ചർച്ച ആവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
അതിന് മുമ്പ് സമയക്കുറവുണ്ടെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് രാജ്യസഭയിലുണ്ടാക്കിയ ധാരണയ്ക്ക് എതിരാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനം.രാജ്യസഭയിൽ മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്കുള്ള സർക്കാർ നിർദ്ദേശം ആലോചിക്കാൻ ഇന്ത്യ സഖ്യയോഗം ഇന്ന് യോഗം ചേരും. ചട്ടം 167 പ്രകാരം പ്രമേയത്തിന്റെ അടിസ്ഥാനത്തിലൂള്ള ചർച്ചയ്ക്കാണ് സർക്കാർ തയ്യാറായത്.
Read more
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചർച്ച വേണം എന്ന ആവശ്യത്തിൽ നിന്ന് പ്രതിപക്ഷം പിന്നോട്ട് പോകും എന്നാണ് നേതാക്കൾ സൂചന നൽകിയത്. ഒത്തുതീർപ്പുണ്ടാക്കുന്ന കാര്യത്തിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അതേ സമയം ദില്ലി ഓഡിനൻസിന് പകരമുള്ള ബിൽ ഇന്ന് രാജ്യസഭയിൽ വയ്ക്കും. ബില്ല് ഇന്നലെ ലോക്സഭ പാസാക്കിയിരുന്നു.