ഗര്‍ഭിണികളെ ചികിത്സിക്കുന്ന ദൃശ്യങ്ങള്‍ വില്‍പ്പനയ്ക്ക്; ഗുജറാത്തിലെ പായല്‍ മെറ്റേണിറ്റി ആശുപത്രിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ഗുജറാത്തില്‍ ആശുപത്രിയില്‍ ഗര്‍ഭിണികളെ ചികിത്സിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വില്‍പ്പനയ്ക്ക് വച്ച ആശുപത്രിയ്‌ക്കെതിരെ കേസെടുത്തു. രാജ്‌കോട്ടിലെ പായല്‍ മെറ്റേണിറ്റി ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ വില്‍പ്പനയ്ക്കായി പ്രചരിപ്പിച്ചത്.

സംഭവം ദേശീയ ശ്രദ്ധ നേടിയതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഗുജറാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മേഘ എംബിബിഎസ് എന്ന പേരുള്ള യൂട്യൂബ് ചാനലില്‍ ഏഴ് വീഡിയോകളാണ് അപ്‌ലോഡ് ചെയ്തിട്ടുളളത്. 999 രൂപ മുതല്‍ 1500 രൂപ വരെ നല്‍കിയാല്‍ ടെലിഗ്രാം ലിങ്ക് വഴി വീഡിയോ കാണാന്‍ സാധിക്കും.

അടച്ചിട്ട മുറിയില്‍ രോഗികളെ വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതിന്റെയും അവര്‍ക്ക് നഴ്സ് കുത്തിവയ്പ്പ് എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതെന്നും ഈ വര്‍ഷം ജനുവരിയിലാണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Read more

ടെലിഗ്രാം ഗ്രൂപ്പില്‍ 90ല്‍ അധികം അംഗങ്ങളുണ്ട്. വീഡിയോയില്‍ നഴ്സും ഗര്‍ഭിണിയും സംസാരിക്കുന്നതും കേള്‍ക്കാം. ആശുപത്രിയിലെ സിസിടിവി സംവിധാനം ഹാക്ക് ചെയ്തതാകാമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആശുപത്രിയുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.