കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ലോക്ക് ഡൗണിനിടെ മദ്യ വിൽപ്പനശാലകൾ വീണ്ടും തുറന്നതിൽ പ്രതിഷേധിച്ച് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ തമിഴ്നാട് പൊലീസ് വെള്ളിയാഴ്ച ലാത്തി ചാർജ് നടത്തി. മദ്യ വിൽപ്പനശാലകൾക്ക് പുറത്ത് മദ്യം വാങ്ങാൻ തടിച്ചു കൂടിയിരുന്നവർക്ക് നേരേ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരിൽ പൊലീസ് നേരത്തെ ലാത്തി വീശിയിരുന്നു.
മധുരയിൽ സിപിഎമ്മിന്റെ നൂറിലധികം വനിതാ അംഗങ്ങൾ ടാസ്മാക് ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങി. മദ്യ വിൽപ്പനശാലകൾ തുറക്കുന്നത് സാധാരണക്കാരുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന് സ്ത്രീകൾ മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉടലെടുത്തു. ഒടുവിൽ ഉദ്യോഗസ്ഥർ ക്രൂരമായ ബലപ്രയോഗം നടത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.
മദ്യ വിൽപ്പനശാല വീണ്ടും തുറന്നതിന്റെ ആദ്യദിവസം തന്നെ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ മദ്യം വിൽപ്പന നടത്തിയത് മധുരയിലാണ്. 46.78 കോടി രൂപയുടെ മദ്യം മധുര മേഖലയിൽ വ്യാഴാഴ്ച വിറ്റു.
ടാസ്മാക് ഷോപ്പുകൾ തുറക്കുന്നത് കോവിഡ് -19 രോഗം കൂടുതൽ പടരുന്നതിന് കാരണമാകുമെന്നും വളരെയധികം പണം പാഴാക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. മദ്യത്തിനെതിരായ സമാനമായ പ്രതിഷേധം ട്രിച്ചിയിലും നടന്നു.
തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കാൻ സർക്കാർ നൽകിയ സൗജന്യ അരി സ്ത്രീകൾ വലിച്ചെറിഞ്ഞു. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), വിടുതലൈ ചിരുതൈഗൽ കച്ചി അഥവാ ലിബറേഷൻ പാന്തർ പാർട്ടി, സിപിഎം, മക്കൽ നീദി മയം തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ മദ്യക്കടകൾ സംസ്ഥാന സർക്കാർ തുറക്കുന്നതിനെ എതിർക്കുന്നു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാൻ കാരണമായേക്കാമെന്നതിനാൽ പ്രതിഷേധക്കാർ മദ്യ വിൽപ്പനശാലകൾക്കെതിരെ എതിർപ്പ് ഉന്നയിച്ചപ്പോൾ, പ്രതിഷേധത്തിൽ അവർ സാമൂഹിക അകലം പാലിച്ചില്ല.
ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ, സാമൂഹിക അകലം പാലിക്കാത്ത ഒന്നിലധികം സംഭവങ്ങൾക്ക് മധുര സാക്ഷ്യം വഹിച്ചു – അതിൽ ഒന്ന് ജല്ലിക്കട്ട് കാളയുടെ ശവസംസ്കാര വേളയിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതാണ്. അതുപോലെ, ഒരു ക്ഷേത്രോത്സവ വേളയിൽ നിരവധി ആളുകൾ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ ലംഘിച്ചിരുന്നു.