യെച്ചൂരിയുടെ കരട് രേഖ പോളിറ്റ് ബ്യൂറോ തള്ളി; കോൺഗ്രസുമായി ധാരണ പോലും വേണ്ടെന്ന് പിബി

ബിജെപിയെ ഭരണം നിലപരിശാക്കാൻ വേണ്ടിയായാൽ പോലും കോൺഗ്രസുമായി ധാരണ വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. കോൺഗ്രസുമായി നേരിട്ടു സഖ്യമുണ്ടാക്കാതെ തെരഞ്ഞെടുപ്പ് അടവുനയം വേണമെന്ന പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മുന്നോട്ടുവെച്ച നിലപാടാണ് പോളിറ്റ് ബ്യൂറോ തള്ളിയത്.

അടുത്ത പാർട്ടി കോൺഗ്രസ് പരിഗണിക്കാനുള്ള കരട് രാഷ്‌ട്രീയ പ്രമേയമായി യച്ചൂരി തയാറാക്കിയ രേഖയും പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻപിള്ളയും ചേർന്നു തയാറാക്കിയ ബദൽ രേഖയുമാണു പിബി പരിഗണിച്ചത്. കോണ്‍ഗ്രസുമായി പ്രത്യക്ഷത്തിൽ ധാരണ പോലും വേണ്ടന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനാണ് പിബിയിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചത്.

വ്യത്യസ്ത അഭിപ്രായമുയർന്നതോടെ ഇരുവരുടെയും നിലപാടുകൾ കേന്ദ്രകമ്മിറ്റിയിൽ ചർച്ചയാകും. എന്നാൽ, കോൺഗ്രസ് ഇല്ലാതെ ബിജെപിയെ താഴെയിറക്കാമെന്ന് ഇരുകൂട്ടർക്കും നിലപാടില്ല. കോണ്‍ഗ്രസ് ചങ്ങാത്തം അനുവദിക്കണമെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടെയും നിലപാട് പാര്‍ട്ടി പോളിറ്റ് ബ്യൂറോ നേരത്തേയും തള്ളിയിരുന്നു.

കോണ്‍ഗ്രസുമായോ പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളുമായോ സഖ്യം വേണ്ടെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിനൊപ്പമാണ് പോളിറ്റ് ബ്യൂറോ. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. കോൺഗ്രസ് ബന്ധം വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനൊപ്പമാണ് കേരള ഘടകം.