പത്മ പുരസ്‌കാരങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍; പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനങ്ങള്‍

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മോദി സര്‍ക്കാരിനും സംഘപരിവാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും എതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ്ങിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചതാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത്.

പള്ളി പൊളിച്ച സംഭവത്തിന് അധ്യക്ഷത വഹിച്ച പ്രമുഖ ഹിന്ദുത്വ മുഖമാണ് കല്യാണ്‍സിങ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്ന പിന്നാക്ക വിഭാഗക്കാരെ സ്വാധീനിക്കാനുള്ള തന്ത്രമാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ആയിരിക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തെ ഗവര്‍ണര്‍ ആക്കി നിയമിച്ച വിഷയത്തിലും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ച രാധേശ്യാം ഖേംകയും സംഘ്പരിവാര്‍ അനുഭാവക്കാരായ ഗീത പ്രസ് ട്രസ്റ്റിന്റെ സാരഥി ആയിരുന്നു. ഇദ്ദേഹവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആളാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും പല ഹിന്ദുത്വ മുഖങ്ങളെയും പത്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ബിജെപി ഉയര്‍ത്തിയതിന് ഇടയിലാണ് പാര്‍ട്ടി ഹൈക്കമാന്റുമായി ഉടക്കി നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ഗുലാ നബി ആസാദിന് പത്മഭൂഷണ്‍ നല്‍കുന്നത്. രാജ്യസഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നടന്ന യാത്ര അയപ്പ് ചടങ്ങില്‍ മോദി ഗുലാം നബി ആസാദിനെ പുകഴ്ത്തി സംസാരിച്ചതും അദ്ദേഹം തിരിച്ച് പുകഴ്ത്തിയത്ും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more

പശ്ചിമ ബംഗാളില്‍ നിലവില്‍ ബിജെപി എതിരിട്ടുകൊണ്ടിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും രാഷ്ട്രീയ പ്രതിയോഗിയാണ് പത്മഭൂഷണ്‍ നല്‍കിയിരിക്കുന്ന പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. ബുദ്ധദേവിനും ഗുലാംനബിക്കും പത്മഭൂഷണ്‍ നല്‍കിയപ്പോള്‍ അതിനേക്കാള്‍ ഉയര്‍ന്ന പത്മവിഭൂഷണ്‍ കല്യാണ്‍സിങ്ങിനും രാധേശ്യാം ഖേംകക്കും നല്‍കിയത് ശ്രദ്ധേയമാണ്. ആഭ്യന്തര സെക്രട്ടറി, കംട്രോളര്‍ – ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) പദവികളിലേക്ക് ഉയര്‍ന്ന രാജസ്ഥാന്‍ കേഡറായ ഐ.എ.എസുകാരന്‍ രാജീവ് മഹര്‍ഷിക്കും പത്മഭൂഷണ്‍ ലഭിച്ചു.