പുതിയ രാഷ്ട്രീയ പാര്‍ട്ടി ഇപ്പോഴില്ലെന്നറിയിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജനങ്ങളിലേക്കിറങ്ങി ചെന്ന് പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജനവികാരം അറിയാന്‍ വേണ്ടിയുള്ള പദ്ധതിയാണ് ജന്‍സുരാജ്. അതിന് വേണ്ടി ഒക്ടോബര്‍ രണ്ട് മുതല്‍ ബിഹാറില്‍ 3000 കിലോ മീറ്റര്‍ പദയാത്ര നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാര്‍ട്ടിയെ കുറിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
ബിഹാറില്‍ അടുത്തിടെ തിരഞ്ഞെടുപ്പുകളൊന്നും നടക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ തിരക്കിട്ട് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. ബിഹാറിന്റെ പ്രശ്‌നങ്ങള്‍ അടുത്തറിയണം. അതിന് കൂടുതല്‍ ആളുകളുമായി ഇടപെടുന്നതിനും സംസാരിക്കുന്നതിനുമായാണ് പദയാത്ര നടത്താന്‍ തീരുമാനിച്ചത്. ഭാവിയില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ അത് തന്റെ പേരിലായിരിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ പ്രവേശിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നാലെ പുതിയ നീക്കത്തിന്റെ സൂചനയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള തന്റെ അന്വേഷണം 10 വര്‍ഷത്തെ റോളര്‍കോസ്റ്റര്‍ യാത്രയിലേക്ക് നയിച്ചു. ഇപ്പോള്‍ യഥാര്‍ത്ഥ മാസ്റ്റേഴ്‌സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്‌നങ്ങളും നന്നായി മനസ്സിലാക്കാന്‍ ജന്‍സുരാജ് എന്ന പേരില്‍ പുതിയ ശ്രമം ബിഹാറില്‍ നിന്നും തുടങ്ങുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന രീതിയില്‍ ചര്‍ച്ചകളുണ്ടായത്.