രാഷ്ട്രീയം വ്യക്തിപരമായ തീരുമാനം; സ്ത്രീകള്‍ക്ക് വേണ്ടി തന്റെ മരണം വരെ പോരാടുമെന്ന് സാക്ഷി മാലിക്

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരിച്ച് സാക്ഷി മാലിക്. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഭിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും സാക്ഷി പറഞ്ഞു. തനിക്കും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നുവെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തുടങ്ങിവച്ച ദൗത്യം തുടരുമെന്നും സാക്ഷി മാലിക് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് വ്യക്തിപരമായ തീരുമാനമാണ്. തങ്ങള്‍ക്ക് ഒരുപാട് ത്യാഗം സഹിക്കേണ്ടതുണ്ടെന്നാണ് വിശ്വസിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ തെറ്റായ ഒരു അര്‍ത്ഥവും നല്‍കേണ്ടതില്ലെന്നും സാക്ഷി അറിയിച്ചു.

തന്റെ മരണം വരെ പോരാട്ടം തുടരുമെന്നും സാക്ഷി വ്യക്തമാക്കി. അതേസമയം വിനേഷ് ഫോഗട്ടിനും ബജ്‌റംഗ് പുനിയയ്ക്കും വേണ്ടി പ്രചരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന് താന്‍ ഒരു രാഷ്ട്രീയക്കാരിയല്ലെന്നായിരുന്നു മറുപടി. വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.