പോളിങ് ഓഫീസറെ മര്‍ദ്ദിച്ചു; യു.പിയില്‍ ബി.ജെ.പി എംഎല്‍എക്കെതിരെ കേസ്

ഉത്തര്‍പ്രദേശിലെ പോളിംങ് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസറെ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ധാനയിലെ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെതിരെ കേസെടുത്തു. ഒന്നാം ഘട്ട വോട്ടെടുപ്പിന് ഇടയിലായിരുന്നു സംഭവം. പ്രിസൈഡിങ് ഓഫീസറായ അശ്വിനി ശര്‍മയെയാണ് മര്‍ദ്ദിച്ചത്.

മീററ്റിലെ സലാവയിലുള്ള 131-ാം ബൂത്തില്‍ വെച്ചാണ് മര്‍ദ്ദിച്ചത്. വോട്ടെടുപ്പ് നടന്ന ഫെബ്രുവരി പത്തിന് ഉച്ചയ്ക്ക് ശേഷം ബൂത്തിലെത്തിയ എംഎല്‍എ വോട്ടര്‍മാരുടെ നീണ്ട നിര കണ്ട് അസ്വസ്ഥനായി. തുടര്‍ന്ന് വോട്ടെടുപ്പിലെ മെല്ലെപ്പോക്ക് സംബന്ധിച്ച് ഓഫീസറുമായി തര്‍ക്കം ഉണ്ടാകുകയും ഇത് മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബൂത്തിലെ സി.സി.ടി.വി ക്യാമറകള്‍ എംഎല്‍എയുടെ അനുയായികള്‍ നീക്കം ചെയ്തു.

അശ്വിനി ശര്‍മ പരാതി നല്‍കുമെന്ന് കരുതി 10 മണിക്കൂര്‍ കാത്തുനിന്നു. എന്നാല്‍ അദ്ദേഹം പരാതി നല്‍കിയില്ല. തുടര്‍ന്ന് സര്‍ധാന പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ലക്ഷ്മണ്‍ വര്‍മ എം.എല്‍.എക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം നടപടി സ്വീകരിക്കുമെന്നും മീററ്റ് പൊലീസ് സൂപ്രണ്ട് അറിയിച്ചു.

എഫ്.ഐ.ആറിന്റെ കോപ്പി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാന്‍ പ്രിസൈഡിങ് ഓഫീസറോട് പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.