വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ക്ക് നിരോധനം, സ്ഫോടകവസ്തുക്കളാക്കി മാറ്റാന്‍ കഴിയുമെന്ന് ആശങ്ക

ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായുള്ള പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടു പോകുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് . ഇനി മുതല്‍ ഇത്തരം പവര്‍ ബാങ്കുകള്‍ ചെക്- ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ അനുവദിയ്ക്കില്ല. ഹാന്‍ഡ് ബാഗേജുകളില്‍ ഇവ കൊണ്ടു പോകാന്‍ കഴിയും. എന്നാല്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ക്ക് ഈ രണ്ടു തരം ബാഗേജുകളിലും വിലക്കുണ്ട്.

പ്രാദേശികമായി നിര്‍മ്മിക്കുന്ന പവര്‍ ബാങ്കുകളില്‍ സെല്ലുകള്‍ക്കു പുറമേ കളിമണ്ണുപയോഗിച്ചുള്ള വ്യാജബാറ്ററികളും ഉപയോഗിക്കുന്നുണ്ട്. ഇത്തരം പവര്‍ ബാങ്കുകള്‍ അനായാസം തുറക്കാന്‍ സാധിക്കുമെന്നതിനാല്‍ രാസവസ്തുക്കള്‍ നിറയ്ക്കാനും ഇവയെ സമാന്തര സ്‌ഫോടകവസ്തുക്കളാക്കി മാറ്റാനും സാധിക്കും. മംഗലാപുരം വിമാനത്താവളത്തില്‍ ഒരു യാത്രക്കാരനില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു പവര്‍ബാങ്ക് പിടിച്ചെടുത്തിരുന്നു.

നിര്‍ദ്ദേശം മറികടന്ന് ചെക് ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയാല്‍ അതു കണ്ടു കെട്ടുകയും യാത്രക്കാരെ തുടര്‍ പരിശോധനകള്‍ക്കായി വിളിപ്പിക്കുകയും ചെയ്യുമെന്നും ബി. സി. എ. എസ് അറിയിച്ചു. വിമാനത്തില്‍ കൊറിയറായും കാര്‍ഗോയായും ഇത്തരം പവര്‍ബാങ്കുകള്‍ അയയ്ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.