വയറുവേദനയാണെന്ന കാരണം പറഞ്ഞ് കോടതിയില്‍ ഹാജരാകാതെ മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞസിംഗ് താക്കൂര്‍. മലേഗാവ് സ്ഫോടനക്കേസിലെ വാദം കേള്‍ക്കലില്‍ ഹാജരാകാതെ അവര്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.
മുംബൈ കോടതിയില്‍ വ്യാഴാഴ്ചയായിരുന്നു വാദം കേള്‍ക്കല്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വയറുവേദനയുമാണെന്ന് പറഞ്ഞ് പ്രജ്ഞ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും ഒരു ദിവസത്തെ ഇളവു നേടി.
എന്നാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ഇവര്‍ രജപുത് സമാജം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെയായിരുന്നു പരിപാടി. മഹാറാണാ പ്രതാപിന്റെ ജന്മവാര്ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ ബി.ജെ.പി ഭോപ്പാല്‍ ജില്ലാ പ്രസിഡന്റ് വികാസ് വിരാണിയും മേയര്‍ അലോക് വര്‍മ്മയും പങ്കെടുത്തിരുന്നു.
രോഗം മാറിയോ എന്ന് ചോദിച്ചപ്പോള്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അതിനുശേഷം അവര്‍ ആശുപത്രിയിലേക്ക് തന്നെ പോയെന്നുമാണ് പ്രജ്ഞയുടെ സഹായി പറഞ്ഞത്.
അതേ സമയം അസുഖത്തെ കുറിച്ച് കോടതിയില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നാളെയും ഹാജരായില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് കോടതി പറഞ്ഞു. പാര്‍ലിമെന്റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന ഹര്‍ജി എന്‍ഐഎ കോടതി തള്ളിയിരുന്നു.
Read more
2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവ് സ്ഫോടനം നടന്നത്. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ച കേസ് ഏപ്രില്‍ 2011നാണ് എന്‍ഐഎയ്ക്കു കൈമാറിയത്.